അന്ന് എല്ലാവരാലും ഒറ്റപ്പെട്ടു; ഇന്ന് വിജയങ്ങളുടെ നെറുകയിലെത്തിയ പത്ത് വയസുകാരി

ചെറുപ്പം മുതൽ മറ്റുള്ളവരിൽ നിന്നും അവഗണനകൾ ഏറ്റുവാങ്ങിയതാണ് അധാര പെരെസ് സാഞ്ചസ്. മൂന്നാം വയസിലാണ് അധാരയ്ക്ക് ഓട്ടിസം ആണെന്ന് തിരിച്ചറിഞ്ഞത്. മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്ത ആയതിനാൽ കുട്ടികളിൽ നിന്നും മുതിർന്നവരിൽ നിന്നുമെല്ലാം അധാര പരിഹാസവും ഒറ്റപ്പെടലും അനുഭവിച്ചുകൊണ്ടേയിരുന്നു. സ്കൂളിൽ നിന്നും അധ്യാപകരും അധാരയെ ഒറ്റപ്പെടുത്താൻ തുടങ്ങിയപ്പോൾ ഈ കുഞ്ഞ് വിഷാദരോഗത്തിനും അടിമപ്പെട്ടു. സ്കൂളിൽ പോകാൻ മടികാണിച്ച അധാര വീട്ടിൽ ഇരുന്ന് ആവർത്തന പട്ടിക പഠിക്കുന്നതിൽ താത്‌പര്യം കാണിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അധാരയുടെ ‘അമ്മ അവൾക്ക് ആവശ്യമായ സഹായം ചെയ്തുനൽകാൻ തീരുമാനിച്ചു.

അധാരയുടെ വിദ്യാഭ്യസം അമ്മ ടാലന്റ് സർവീസ് സെന്ററിലേക്ക് മാറ്റി. ഇവിടെ നിന്നും അധ്യാപകരുടെയും മറ്റും സഹായത്തോടെ അവൾ മികച്ച പ്രകടനം കാഴ്‌ചവച്ചു. അവിടെ വച്ച് നടത്തിയ പരിശോധനയിൽ അവളുടെ ഐക്യൂ ലെവൽ 162 ആണെന്ന് കണ്ടെത്തി. സ്റ്റീഫൻ ഹോക്കിംഗ്, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവരെക്കാൾ ഉയർന്നതായിരുന്നു ഈ കൊച്ചുമിടുക്കിയുടെ ഐക്യൂ ലെവൽ.

Read also: രണ്ട് തുരങ്കങ്ങള്‍ക്കുള്ളിലൂടെ വിമാനം പറത്തി റെക്കോര്‍ഡിട്ടു; അതിശയിപ്പിക്കും ഈ സാഹസിക വിഡിയോ

ഇവിടെ നിന്നും പ്രത്യേക പരിഗണന ലഭിച്ചതോടെ ഈ കൊച്ചുമിടുക്കി ഉയരങ്ങൾ കീഴടക്കാൻ തുടങ്ങി. അഞ്ചാം വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസം, ആറാം വയസിൽ മിഡിൽ സ്കൂളും എട്ടാം വയസിൽ ഹൈസ്കൂളും പൂർത്തിയാക്കി. ഇപ്പോൾ മെക്സിക്കോയിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന അവൾ രണ്ട് ഡിഗ്രികൾ സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ്.

ഇതിന് പുറമെ സ്വന്തം അനുഭവങ്ങൾ പറഞ്ഞുകൊണ്ട് “ഡു നോട്ട് ഗീവ് അപ്പ്” എന്ന പുസ്തകവും ഈ കുഞ്ഞ് രചിച്ചു. കൂടാതെ ഫോർബ്സ് പുറത്തുവിട്ട മെക്സിക്കോയിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയിലും അധാര സ്ഥാനം പിടിച്ചു. 

Story highlights; inspiring story of ten years old adhara