ബാഹുബലിയിൽ ആരും ശ്രദ്ധിക്കാതെപോയ ആ വേഷത്തിൽ നിന്നും ‘വെമ്പുലി’യിലേക്കെത്തിയ ജോൺ കൊക്കൻ

September 1, 2021

തമിഴകത്തിന് പുറമെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയതാണ് പാ രഞ്ജിത്ത് ചിത്രം സാർപട്ടാ പരമ്പരൈ. ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം വെമ്പുലിയെ അവതരിപ്പിച്ച താരമാണ് ജോൺ കൊക്കൻ. ആര്യ മുഖ്യകഥാപാത്രമായ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജോൺ എത്തിയത്. താരത്തിന്റെ ചിത്രത്തിലെ അഭിനയത്തിനും മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തിയ താരം ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ.

ബാഹുബലിയിൽ കാലകേയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടാളികളിൽ ഒരാളായാണ് ജോൺ എത്തിയത്. ജൂനിയർ ആർട്ടിസ്റ്റ് ആയതിനാൽ അന്ന് താരത്തിന്റെ വേഷം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇത് ബാഹുബലിയിൽ നിന്നുള്ള ചിത്രമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ജോൺ ബാഹുബലിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

Read also: ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല, ഖാബിയുടെ വിഡിയോ എല്ലാം ഹിറ്റ്; ടിക് ടോക്കില്‍ 10 കോടി ഫോളോവേഴ്സും

‘ഇത് ബാഹുബലിയിൽ നിന്നുള്ള ദൃശ്യമാണ്, വളരെ ചെറിയ വേഷമായിരുന്നു അത്. ആ സിനിമയുടെ ചിത്രീകരണത്തിന്റെ നിമിഷങ്ങൾ ഇപ്പോഴും ഓർമ്മിക്കുന്നു. അന്ന് ലൊക്കേഷനിൽ തന്റെ പേര് പോലും ആർക്കും അറിയാമായിരുന്നില്ല. എന്നാൽ ഒരിക്കൽ തന്റെ പേര് എല്ലാവരും അറിയുമെന്ന് അന്ന് ഞാൻ എന്നോട് തന്നെ പറയുമായിരുന്നു. ഇപ്പോൾ സാർപട്ടാ പരമ്പരൈയിലൂടെ ആ ദിവസം എത്തിയിരിക്കുകയാണ്. ഇന്ന് ഏറെ അഭിമാനത്തോടെയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.’ ജോൺ കുറിച്ചു.

അതേസമയം കബാലി, കാല എന്നീ ചിത്രങ്ങൾക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സാർപട്ടാ പരമ്പരൈ. 1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ നിലനിന്നിരുന്ന സാർപട്ടാ പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ജീവിതം പറയുന്ന പുതിയ ചിത്രമാണ് സാർപട്ടാ പരമ്പരൈ.

Story highlights: john-kokkan-about-his-character-in-bahubali