അനൂപ് മേനോനും പ്രകാശ് രാജും ഒന്നിക്കുന്നു; ‘വരാൽ’ പ്രഖ്യാപിച്ച് മോഹൻലാൽ

അനൂപ് മേനോന്റെ തിരക്കഥയിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വരാൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മോഹൻലാലും മഞ്ജു വാര്യരും ചേർന്നാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിൽ അനൂപ് മേനോനും പ്രകാശ് രാജുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈംസ് ആൻഡ് എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ പി എ സെബാസ്റ്റ്യൻ നിർമ്മിക്കുന്ന ചിത്രം കണ്ണൻ താമരക്കുളത്തിന്റെ പത്താമത്തെ ചിത്രമാണ്.

2015 ൽ പ്രദർശനത്തിനെത്തിയെ ‘തിങ്കൾ മുതൽ വെള്ളിവരെ’ എന്ന ചിത്രമാണ് കണ്ണൻ താമരക്കുളത്തിന്റെ ആദ്യചിത്രം. ജയറാം ആയിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രം. ദിനേശ് പള്ളത്തായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 2016 ൽ ‘ആടുപുലിയാട്ട’വും ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌തു. അറുനൂറ് വർഷങ്ങൾക്ക് മുൻപ് നിലനിന്നിരുന്ന ഒരു മിത്തിനെ ആസ്‌പദമാക്കി ഒരുക്കിയതാണ് ഈ ചിത്രം, ജയറാമിന് പുറമെ രമ്യ കൃഷ്ണന്‍, ഓം പുരി, സമ്പത്ത് രാജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Read also: ‘ഇനി മേലാൽ അങ്ങനെ ഡാൻസ് ചെയ്യത്തില്ല’; മേഘ്‌നക്കുട്ടിയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ലാലേട്ടൻ

ജയറാമിനെ നായകനാക്കി ‘അച്ചായൻസ്’, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ഒന്നിച്ച ‘ചാണക്യതന്ത്രം’, ജയറാം മുഖ്യകഥാപാത്രമായ ‘പട്ടാഭിരാമൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പുറമെ ‘സുരയാടല്‍’ എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ‘മരട് 357’ ആണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അവസാന ചിത്രം. അനൂപ് മേനോൻ തന്നെയായിരുന്നു ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതും.

Story Highlights; Mohanlal Shares Kannan Thamarakkulam New Film