ജല്ലിക്കട്ട് മേക്കിങ് ഡോക്യുമെന്ററി ആയി പ്രേക്ഷകരിലേക്ക്; ക്യാമറയ്ക്ക് പിന്നിലെ കാഴ്ചകളും ഗംഭീരമെന്ന് സിനിമാലോകം

September 20, 2021
Molten Mirror Docu-Series on Jallikkattu 

കെട്ടുപൊട്ടിച്ചോടിയ ഒരു പോത്തിന് പിന്നാലെ പ്രേക്ഷകരെ ഒന്നാകെ ഓടിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. ഓസ്‌കര്‍ നോമിഷേന്‍ നേടിയ ചിത്രത്തിന് മികച്ച സ്വീകാര്യതയും ചലച്ചിത്ര ലോകത്ത് നിന്നും ലഭിച്ചിരുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ജല്ലിക്കട്ട് ശ്രദ്ധ നേടി. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും മികച്ച പ്രശംസകളും പുരസ്‌കാരങ്ങളും ജല്ലിക്കട്ട് എന്ന ചലച്ചിത്രം സ്വന്തമാക്കിയിരുന്നു.

ചലച്ചിത്രലോകത്ത് വീണ്ടും ശ്രദ്ധ ആകര്‍ഷിക്കുകയാണ് ജല്ലിക്കട്ട്. ചിത്രത്തിന്റെ മേക്കിങ് അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. മോള്‍ട്ടന്‍ മിറര്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വിവിയന്‍ രാധാകൃഷ്ണന്‍ ആണ് ഡോക്യുമെന്ററി സീരീസിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആദ്യ എപ്പിസോഡ് നിവിന്‍ പോളിയും തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ചേര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

Read more: മണിച്ചിത്രത്താഴില്‍ കറുത്തമ്മയും കൊച്ചുമുതലാളിയും ആയിരുന്നെങ്കില്‍ ദേ ഇതുപോലെ: ചിരിവിഡിയോ

അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനായെത്തിയത്. മലയാള ചലച്ചിത്രലോകത്തിന് ഒരല്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

Story highlights: Molten Mirror Docu-Series on Jallikkattu