അഞ്ച് ഭാഷകളില്‍ 5 കോടിയിലധികം കാഴ്ചക്കാര്‍; റെക്കോര്‍ഡ് നേട്ടവുമായി പുഷ്പയിലെ ‘ഓട് ഓട് ആടെ’ ഗാനം

Odu Odu Aade Song From Pushpa Movie Gets New Record

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘ഓട് ഓട് ആടേ…’ എന്ന ഗാനമാണ് പുറത്തെത്തിയത്. മികച്ച പ്രതികരണം നേടിയ ഗാനം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തിയ ഗാനം യുട്യൂബില്‍ അഞ്ച് കോടിയിലധികം കാഴചക്കാരേയും സ്വന്താക്കി. സിജു തുറവൂറിന്റേതാണ് ഗാനത്തിലെ വരികള്‍. ദേവി ശ്രീ പ്രസാദ് സംഗീതം പകര്‍ന്നിരിക്കുന്നു. രാഹുല്‍ നമ്പ്യാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ വേറിട്ട ഗെറ്റപ്പും ചിത്രത്തിന്റെ ആകര്‍ഷണമാണ്.

ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗം ഈ വര്‍ഷം ക്രിസ്മസിനോട് അനുബന്ധിച്ച് പ്രേക്ഷകരിലേക്കെത്തും. പുഷ്പരാജ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

Read more: ‘ഇത് പോരെ അളിയാ…’; പാട്ട് വേദിയില്‍ ‘അളിയന്മാരുടെ’ ചില കുടുംബ വിശേഷങ്ങളും

തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്‌കര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

Story highlights: Odu Odu Aade Song From Pushpa Movie Gets New Record