പെണ്‍കുട്ടി ജനിക്കുമ്പോള്‍ വൃക്ഷത്തൈകള്‍ നട്ട് ആഘോഷിക്കുന്ന ഒരു നാട്

September 19, 2021
Pipilantry Village that celebrates girl-child by planting trees

പിപ്പിലാന്ത്രി, ഒരു പക്ഷെ പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ ഇത്രമേല്‍ ആഘോഷിക്കുന്ന മറ്റൊരു നാട് ഉണ്ടാകണമെന്നില്ല. ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും ഈ ഗ്രാമം മരങ്ങള്‍ നട്ടാണ് ആഘോഷമാക്കുന്നത്. അതും ഒന്നും രണ്ടും മരങ്ങളല്ല, ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ പിപ്പിലാന്ത്രിയില്‍ 111 മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.

പെണ്‍കുട്ടികളെ വളരെയേറെ സ്നേഹിക്കുന്ന ഒരു ഗ്രാമം എന്നു പിപ്പിലാന്ത്രിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ജനിക്കുമ്പോള്‍ മുതല്‍ പെണ്‍കുട്ടിയുടെ കാര്യത്തില്‍ അത്രമേല്‍ കരുതല്‍ നല്‍കാറുണ്ട് ഈ ഗ്രാമം. രാജസ്ഥാനിലെ രാജസ്മന്ദ് ജില്ലയിലാണ് പിപ്പിലാന്ത്രി ഗ്രാമം സ്ഥിതിചെയ്യുന്നത്. വളരെ ചെറിയൊരു ഗ്രാമമാണ് പിപ്പിലാന്ത്രി. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 111 മരങ്ങള്‍ നടണമെന്നത് പിപ്പിലാന്ത്രിയിലെ ഒരു നിയമം കൂടിയാണ്.

മരം നട്ടതുകൊണ്ടുമാത്രമായില്ല. അവയെ കൃത്യമായി പരിപാലിക്കുകയും വേണം. പ്രധാനമായും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമൊക്കെയാണ് പെണ്‍കുട്ടികളുടെ ജനനത്തോട് അനുബന്ധിച്ച് പിപ്പിലാന്ത്രിയില്‍ നടുന്നത്. മരം വളര്‍ന്നുകഴിയുമ്പോള്‍ ഇവ മുറിച്ചുമാറ്റാന്‍ പാടില്ല എന്നും നിയമമുണ്ട്. ഓരോ മരങ്ങളുടേയും സംരക്ഷണ ചുമതല പെണ്‍കുട്ടിക്കാണ്. അതില്‍ നിന്നും ഫലങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ അത് വിപണനം നടത്തി വരുമാനമാര്‍ഗവും കണ്ടെത്താനും സാധിക്കുന്നു.

2006-ലാണ് പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 111 മരങ്ങള്‍ നട്ട് ആ ജനനത്തെ ആഘോഷമാക്കാന്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് തീരുമാനമെടുത്തത്. കിരണ്‍ നിധി യോജനാ എന്നാണ് ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. ഗ്രാമത്തലവനായിരുന്ന ശ്യാം സുന്ദര്‍ പലിവാല്‍ ആണ് ഇത്തരത്തിലൊരു ആശയം ആദ്യമേ മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ ആശയത്തെ അനുകൂലിക്കുകയായിരുന്നു ഗ്രാമവാസികള്‍.

മരത്തൈകള്‍ നടുന്നതിനൊപ്പംതന്നെ ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും ഗ്രാവവാസികല്‍ എല്ലാവരും ചേര്‍ന്ന് 21,000 രൂപയും കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. ഈ തുകയ്ക്കൊപ്പം പതിനായിരം രൂപകൂടി ചേര്‍ത്ത് മാതാപിതാക്കള്‍ കുട്ടിയുടെ പേരില്‍ ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ഇടും. പെണ്‍കുട്ടിക്ക് 20 വയസ്സാകുമ്പോഴാണ് ഈ തുക പിന്‍വലിക്കുക. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യസവും പിപ്പിലാന്ത്രി ഗ്രാമക്കാര്‍ നല്‍കാറുണ്ട്.

Story highlights: Pipilantri Village that celebrates girl-child by planting trees