‘സണ്ണിയിലെ കോഴി അജു ആകുമെന്ന് കരുതിയില്ല’; ആ കഥാപാത്രത്തെക്കുറിച്ച് രഞ്ജിത് ശങ്കര്‍

Ranjith Sankar about Aju Varghese in Sunny movie

ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് സണ്ണി. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയില്‍ പ്രധാനമായും സ്‌ക്രീനില്‍ വരുന്ന ഏക കഥപാത്രം ജയസൂര്യ ആണ്. ഇതുതന്നെയാണ് ഈ സിനിമയുടെ മറ്റൊരു ആകര്‍ഷണവും. ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരുന്ന ഒരു വ്യക്തിയുടെ ചില വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

എന്നാല്‍ ശബ്ദത്തിലൂടെ ഈ ചിത്രത്തില്‍ അജു വര്‍ഗീസ് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ജയസൂര്യ അവതരിപ്പിക്കുന്ന സണ്ണി എന്ന കഥാപാത്രത്തിന്റെ ആത്മമിത്രമായാണ് അജു വര്‍ഗീസ് എത്തുന്നത്. കോഴി എന്നാണ് വിളിപ്പേര്. അജു വര്‍ഗീസിനെക്കുറിച്ച് രഞ്ജിത് ശങ്കര്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

രഞ്ജിത് ശങ്കറിന്റെ വാക്കുകള്‍

സണ്ണി ഒറ്റയ്ക്കാണ് എങ്കിലും ഒറ്റക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരം ഉള്ള വിശ്വാസം, കൂടെയുണ്ടാവും എന്നുറപ്പുള്ള സുഹൃത്തുക്കള്‍ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്. അജു എനിക്ക് അത് പോലെ ഒരു ധൈര്യമാണ്. സണ്ണിയിലെ കോഴി അജു ആവും എന്ന് ഞാന്‍ കരുതിയതല്ല.

ഒരു പുതിയ combination എന്ന നിലയില്‍ മറ്റൊരാളെ ആണ് ഷൂട്ടിംഗ് സമയത്ത് തീരുമാനിച്ചത്. ഡബ്ബിംഗ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോ മറ്റാര് എന്നാലോചിച്ചു. അജുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോള്‍ അജു പറഞ്ഞു ഇപ്പൊ വരാം, ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം. രണ്ടു പടത്തിന്റെ ഷൂട്ടിംഗിന് ഇടയില്‍ നിന്നാണെന്ന് ഓര്‍ക്കണം.

കോഴി എന്ന ഫോണ്‍ ക്ലോസപ്പില്‍ മറ്റൊരു നടന്റെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജു dub ചെയ്തു. ചെറിയ corrections ചെയ്യാന്‍ ഒരു മടിയും കൂടാതെ രണ്ടു പ്രാവശ്യം വീണ്ടും വന്നു. പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം വരുമ്പോ കടമായി ചോദിച്ചോളം എന്ന് തമാശ പറഞ്ഞു.

Story highlights: Ranjith Sankar about Aju Varghese in Sunny movie