മുഖ്യകഥാപാത്രമായി ഷെയ്ൻ നിഗം; ‘പരാക്രമം’ പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഷെയ്ൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. പരാക്രമം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അർജുൻ രമേശാണ്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. അലക്സ് പുളിക്കലാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

വലിയ പെരുന്നാളാണ് ഷെയ്ൻ നിഗത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ബർമുഡ എന്ന ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ ഇന്ദു ഗോപൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ വേഷമിടുന്നത്. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി വേഷമിടുന്നത് കാശ്മീരി നടി ഷെയ്‌ലി കൃഷ്ണനാണ്.

‘മിസ്റ്ററീസ് ഓഫ് മിസ്സിംഗ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്. വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൻ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെരീഫ് എന്നിവരും ബർമുഡയിൽ അഭിനയിക്കുന്നുണ്ട്.

Read also: മനസ്സിൽ ഒരു വിങ്ങലായി ചിരുകണ്ടൻ നിങ്ങളോടൊപ്പം എന്നുമുണ്ടാകും; ശ്രദ്ധനേടി പത്തൊമ്പതാം നൂറ്റാണ്ടിലെ സെന്തിൽ

മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ശ്രദ്ധ നേടിയ യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. കിസ്മത്ത്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ പ്രേക്ഷക പ്രീതി നേടിയവയായിരുന്നു.

Story highlights: shane nigam new movie parakramam