ആന്റണി ഒലിവര്‍ ട്വിസ്റ്റ് അല്ല ആന്റണി കൂണ്ടാങ്കടവ്; ചിരി പടർത്തി ഹോം സിനിമയിലെ ഡിലീറ്റഡ് രംഗം

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രം. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നര്‍മത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രമായി ഇന്ദ്രൻസ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്തു മാറ്റിയ രംഗത്തിന്റെ വിഡിയോ അണിയറപ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംവിധായകനായ മൂത്ത മകന്‍ ആന്റണിയോട് അച്ഛനായ ഒലിവര്‍ ട്വിസ്റ്റ് പേര് മാറ്റാന്‍ പറയുന്നതാണ് ഈ സീന്‍.

ഇന്ദ്രൻസും ശ്രീനാഥ് ഭാസിയുമാണ് ഈ രംഗത്തിലുള്ളത്. വെറും ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന് പറയുന്നതിന് പകരം സത്യന്‍ അന്തിക്കാട്, ബിച്ചു തിരുമല എന്ന പോലെ സ്ഥലപ്പേര് പേരിന്റെ കൂടെ വെക്കാനാണ് ഇന്ദ്രന്‍സ് മകനോട് പറയുന്നത്. അങ്ങനെ ആന്റണി കൂണ്ടാങ്കടവ് എന്ന പേര് ഒലിവർ ട്വിസ്റ്റ് നിർദ്ദേശിക്കുന്നതും അതിന് ആന്റണി നൽകുന്ന മറുപടിയുമാണ് വിഡിയോയികാഴ്ചക്കാരിൽ ചിരി നിറയ്ക്കുന്നത്.

Read also; ‘ഇപ്പൊ വല്ലതും പറഞ്ഞാൽ പ്രേമമാണെന്ന് പറഞ്ഞ് കേറിയൊട്ടും’; റീൽസിൽ തിളങ്ങി ഇന്ദ്രൻസ്

ഇന്ദ്രൻസിനും ശ്രീനാഥ് ഭാസിയ്ക്കും പുറമെ നസ്ലിന്‍, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് രാഹുൽ സുബ്രഹ്‌മണ്യനാണ്. ഛായാഗ്രഹണം നീൽ നിർവഹിക്കുന്നു.

Story highlights:Deleted Scene From Home Movie- Funny video