മീൻ പിടിക്കാൻ ചൂണ്ടയിട്ടു; മീനിനൊപ്പം വെള്ളത്തിലേക്ക് വീണ് യുവാവ്, സോഷ്യൽ ഇടങ്ങളിൽ വൈറലായി ഒരു വീഡിയോ

മത്സ്യബന്ധനം ഉപജീവനമാക്കിയവരും വിനോദത്തിനായി മീനിനെ ചൂണ്ടയിട്ട് പിടിക്കുന്നവരുമൊക്കെ നിരവധിയാണ്. എന്നാൽ മീൻ പിടിയ്ക്കുന്നതിനിടെയിൽ ചൂണ്ടയിട്ട ആളെപ്പിടിച്ച് വെള്ളത്തിലിടുന്ന മീനാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്. രസകരവും കൗതുകം നിറഞ്ഞതുമായ വിഡിയോകൾ പങ്കുവയ്ക്കുന്ന വൈറൽ ഹോഗ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച ദൃശ്യം ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ ഹിറ്റായി. ഹങ്കറിയിലെ സോമോഗി കൗണ്ടിയിലാണ് സംഭവം അരങ്ങേറിയത്. ലോറന്റ് സാബോ എന്ന യുവാവിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

കരയിലിരുന്ന് ചൂണ്ടയിട്ട് മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് സാബോയുടെ ചൂണ്ടയിൽ ഒരു വലിയ മീൻ കൊത്തിയത്. ചൂണ്ടയിൽ മീൻ കൊത്തിയെന്ന് മനസിലായതോടെ മീനിനെ കരയിലേക്ക് കയറ്റാനായി സാബോ ശ്രമിച്ചെങ്കിലും നടന്നില്ല. കുറച്ച് സമയത്തോളം മീനിനെ വലിച്ചുകയറ്റാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീട് വെള്ളത്തിലേക്ക് സാബോ വീഴുകയായിരുന്നു.

Read also: നഞ്ചമ്മയുടെ ‘കലക്കാത്ത’ തെലുങ്കിൽ എത്തുമ്പോൾ: ശ്രദ്ധനേടി ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കിലെ ടൈറ്റിൽ ഗാനം

കൂറ്റൻ ക്യാറ്റ് ഫിഷ് എന്ന വിഭാഗത്തിൽപ്പെടുന്ന മത്സ്യമാണ് ചൂണ്ടയിൽ കുടുങ്ങിയത്. 60 കിലോയോളം ഭാരമുള്ള മത്സ്യത്തെ ഏറെ നേരത്തെ ശ്രമത്തിന് ശേഷം കൈപ്പിടിയിൽ ഒതുക്കി എന്നും സാബോ പറയുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോയ്ക്ക് ഇതിനോടകം നിരവധി കാഴ്ചക്കാരേയും ലഭിച്ചുകഴിഞ്ഞു. രസകരമായ നിരവധി കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Story highlights: Video of Large Fish Pulls Man into the Water