‘അപ്പു, ഇങ്ങനെയാണ് നിങ്ങൾ എന്റെ ഹൃദയത്തിൽ എന്നും തങ്ങിനിൽക്കാൻ പോകുന്നത്’; പുനീതിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാവന- വിഡിയോ

കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ മരണം ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഞെട്ടലോടെയാണ് കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് മരിക്കുമ്പോൾ അദ്ദേഹത്തിന് 46 വയസായിരുന്നു പ്രായം. മലയാളത്തിലെ ഒട്ടേറെ താരങ്ങൾക്ക് പുനീതിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അതിലൊരാളാണ് ഭാവന. മൂന്നു ചിത്രങ്ങളിലാണ് പുനീതിന്റെ നായികയായി ഭാവന അഭിനയിച്ചത്. ഭാവനയുടെ ആദ്യ കന്നഡ ചിത്രത്തിലെ നായകനും പുനീത് ആയിരുന്നു. വളരെ വൈകാരികമായൊരു കുറിപ്പാണ് ഭാവന പുനീതിനെ വിയോഗത്തെ തുടർന്ന് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തന്നെ അദ്ദേഹത്തോടൊപ്പമുള്ള സന്തോഷകരമായ ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

‘അപ്പു, ഇങ്ങനെയാണ് നിങ്ങൾ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് !!! കന്നഡയിലെ എന്റെ ആദ്യ നായകൻ.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹതാരങ്ങളിൽ ഒരാൾ .. 3 സിനിമകൾ ഒരുമിച്ച്.. നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും!!! നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും !!!! വളരെ നേരത്തെ പോയി..’- ഭാവനയുടെ വാക്കുകൾ.

Read More: കന്നഡ സിനിമാതാരം പുനീത് രാജ്‌കുമാർ അന്തരിച്ചു

നവ്യ നായർ, സംയുക്ത മേനോൻ, പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ തുടങ്ങി ഒട്ടുമിക്ക മലയാള താരങ്ങളും പുനീത് രാജ്‌കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. 

Story highlights- actress bhavana about puneeth rajkumar