വേറിട്ട ലുക്കിൽ ജോജു ജോർജ്- ശ്രദ്ധനേടി ‘അദൃശ്യം’ സോളോ പോസ്റ്റർ

വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി പിന്നീട് നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ഒട്ടേറെ പരിശ്രമങ്ങൾക്കൊടുവിലാണ് ജോജു സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. സിനിമയിൽ എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടതിന് ശേഷം തന്റേതായ ഇടം കണ്ടെത്തിയ ജോജുവിന്‌ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒട്ടേറെ ചിത്രങ്ങളാണ് ജോജു നായകനായി റിലീസിന് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അദൃശ്യം എന്ന ചിത്രത്തിന്റെ സോളോ പോസ്റ്റർ എത്തിയിരിക്കുകയാണ്.

ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യം. ജോജു ജോർജിനോടൊപ്പം നരെയ്ൻ, ഷറഫുദ്ദീൻ , പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്റർ മുൻപ് തന്നെ ശ്രദ്ധനേടിയിരുന്നു.

തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതേ ബാനറിന്റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്‌നും, കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പി ആർ ഓ.

Story highlights- adrishyam movie solo poster