ട്രെയിനിലും ബസിലും മെട്രോയിലും യാത്ര; ‘സഞ്ചരിക്കുന്ന ഈ നായ’ സമൂഹമാധ്യമങ്ങളില്‍ താരം

Boji the dog

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. കൗതുകം നിറയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ വിശേഷങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. വ്യത്യസ്തമായ യാത്രകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ ഒരു നായയുടെ വിശേഷങ്ങളും കൗതുകം നിറയ്ക്കുന്നു.

ബോജി എന്നാണ് ഈ നയയുടെ പേര്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം അക്കൗണ്ട് പോലുമുണ്ട് ഈ തെരുവുനായയ്ക്ക്. ഇസ്താംബൂളിലെ മെട്രോപോളിറ്റന്‍ മുന്‍സിപ്പാലിറ്റിയാണ് ബോജിയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോജി ഒരു യാത്രാപ്രിയനാണ്. യാത്ര ചെയ്യുന്ന നായകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ മുന്‍പും ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ് ബോജിയുടെ യാത്രാരീതി.

Read more: ഇനി അബുദാബിയുടെ മണ്ണിൽ വളയം തിരിക്കാൻ ഡെലീഷ്യ- 60,000 ലിറ്ററിന്റെ ടൈലർ ഓടിക്കാൻ ഇരുപത്തിമൂന്നുകാരി

പൊതുഗതാഗത സംവിധാനങ്ങളിലാണ് ബോജിയുടെ യാത്ര. അതായത് ട്രെയിന്‍, മെട്രോ, ബസ്, ഫെറി എന്നിവയെല്ലാം ഈ നായ യാത്രയ്ക്കായി പ്രയോജനപ്പെടുത്തുന്നു. ഒരു ദിവസം മുപ്പത് കിലോമീറ്റര്‍ എങ്കിലും ബോജി സഞ്ചരിക്കാറുണ്ട്. യാത്രക്കാര്‍ക്ക് പലപ്പോഴും കൗതുക കാഴ്ചയാണ് സഞ്ചരിക്കുന്ന ഈ നായ. ബോജിയുടെ സഞ്ചാരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും ഏറെയാണ്.

ബോജിയുടെ യാത്ര എന്നു മുതല്‍ ആരംഭിച്ചതാണ് എന്ന് വ്യക്തമല്ല. എന്നാല്‍ പലപ്പോഴായി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ബോജിയെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങി. സമൂഹമാധ്യമങ്ങളില്‍ ഈ നായ താരമാകുകയും ചെയ്തു. ‘ഇസ്താംബൂളിലെ സഞ്ചരിക്കുന്ന നായ’ എന്നാണ് ബോജി അറിയപ്പെടുന്നത് തന്നെ. നിലവില്‍ ബോജിയുടെ യാത്രകള്‍ ട്രാക്ക് ചെയ്യാന്‍ പ്രത്യേക മൈക്രോ ചിപ്പ് സംവിധാനവും അധികൃതര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

Story highlights: Boji the dog explorer trending on Social Media