‘അഭിനയത്തെ ഭാവാത്മകതലത്തില്‍ ഉയര്‍ത്തിയ പ്രതിഭ’; നെടുമുടി വേണുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

October 11, 2021
Chief Minister Pinarayi Vijayan about Nedumudi Venu

മലയാള ചലച്ചിത്ര ലോകത്തെ മഹാനടന്‍ നെടുമുടി വേണു അന്തരിച്ചു. കലാ-സാംസ്‌കാരിക-രാഷ്ട്രീയ- സിനിമാ മേഖലകളില്‍ നിന്നെല്ലാം നിരവധിപ്പേരാണ് പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാകത്ത നഷ്ടമാണ് നെടുമുടി വേണുവിന്റെ വേര്‍പാട്. ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും നെടുമുടി വേണുവിനെ അനുസ്മരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.

അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ്.

Story highlights: Chief Minister Pinarayi Vijayan about Nedumudi Venu