മഹറായി വീൽചെയർ നൽകി പാത്തുവിന്റെ കൈപിടിച്ച് ഫിറോസ്- ഹൃദയംതൊട്ടൊരു ജീവിതം

October 6, 2021

പ്രതിസന്ധികൾക്ക് മുന്നിൽ തലകുനിക്കാതെ നേരിട്ടതിലൂടെയാണ് ഫാത്തിമ അസ്‌ല മലയാളികൾക്ക് സുപരിചിതയായതും പ്രിയങ്കരിയായതും. എല്ലുകൾ പൊടിയുന്ന അപൂർവ്വ രോഗത്തിന് പോലും ഫാത്തിമ അസ്‌ലയുടെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാനായില്ല. ജനിച്ചുവീണു മൂന്നാംദിവസമാണ് ഓസ്റ്റിയയോജെനിസിസ് ഇംപെർഫെക്ട എന്ന അപൂർവ്വരോഗമാണ് ഫാത്തിമയ്‌ക്കെന്ന് ഡോക്ടർമാരും കുടുംബവും തിരിച്ചറിഞ്ഞത്.

പിന്നീട് അങ്ങോട്ടുള്ള ജീവിതം മുഴുവൻ ഒരുപാട് കഷ്ടതകളുടെയും പ്രതിസന്ധികളുടേതുമായിരുന്നു. ഒറ്റപ്പെട്ടിട്ടും തളർത്താൻ പലരും ശ്രമിച്ചിട്ടും ഫാത്തിമ പൊരുതി. വീൽചെയറിലായിരുന്നു പിന്നീടുള്ള ജീവിതം. വീൽചെയറിലിരുന്ന് നന്മ വറ്റാത്ത ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം പഠിച്ച് ഫാത്തിമ അസ്‌ല ഡോക്ടറായി. വളരെ സന്തോഷത്തോടെ അഭിമാനത്തോടെയാണ് ഡോക്ടറായി സേവനം അനുഷ്ഠിക്കാൻ ആരംഭിക്കുന്ന വിവരം ഫാത്തിമ പങ്കുവെച്ചത്. ഇപ്പോഴിതാ, ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷവും ഫാത്തിമ പങ്കുവയ്ക്കുകയാണ്. ജീവിതത്തിലേക്ക് ഒരു കൂട്ട് എത്തിയിരിക്കുന്നു.

ഫാത്തിമ അസ്‌ലയുടെ ഫേസ്ബുക്ക് പോസ്റ്റ്

വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു.. ഒരു പക്ഷെ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്.. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത്..വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി.. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്.. വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്.. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്.. അത്‌ മഹറായി തരുമ്പോൾ അത്‌ എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്, ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്..വീൽചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ്..മാറി വരുന്ന ചിന്തകളുടെ, മാറേണ്ട കാഴ്ച്ചപ്പാടുകളുടെ, മാറ്റങ്ങളുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ അടയാളമാവട്ടെ ഈ മഹർ, കടലും നിലാവും കാലങ്ങളോളം കഥ പറയട്ടെ .. !!

ഫിറൂ.. ഡിസേബിൾഡ് ഫ്രണ്ട്‌ലി അല്ലാത്ത ഈ ചുറ്റുപ്പാടിൽ പിടിച്ചു നിൽക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്.. പക്ഷെ, കൈ താങ്ങാവാൻ, ചേർത്ത് പിടിക്കാൻ നീ കൂടെ ഉണ്ടല്ലോ.. 

Story highlights- fathima asla wedding