ബിബിൻ ജോർജ്, ഇപ്പോൾ ലോകം പറയുന്നു ‘യു ആർ ഗ്രേറ്റ്’- സുഹൃത്തിനെക്കുറിച്ചുള്ള വാക്കുകൾ ഏറ്റെടുത്ത് വിഷ്ണു ഉണ്ണികൃഷ്ണൻ; വിഡിയോ

തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി ശ്രദ്ധനേടിയ താരമാണ് ബിബിൻ ജോർജ്. ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുള്ള ബിബിന് സത്യത്തിൽ അതൊന്നും ഒരു കുറവേയല്ല. മലയാള സിനിമയിൽ നായകനായും വില്ലനായുമെല്ലാം തിളങ്ങുന്ന ബിബിൻ പരിമിതിയെ വിജയമാക്കി മാറ്റി ഒട്ടേറെ ആളുകൾക്ക് പ്രചോദനമായ താരമാണ്. ഫ്‌ളവേഴ്‌സ് മൈജി ഒരുകോടി വേദിയിൽ സ്വരൂപ് എന്ന മത്സരാർത്ഥിയിലൂടെ ലോകം വീണ്ടും പറയുകയാണ് ‘ബിബിൻ ജോർജ്, ‘യു ആർ ഗ്രേറ്റ്’ എന്ന്.

2020ൽ ഒരു കാർ ആക്സിഡന്റിൽ പരിക്ക് പറ്റി കാല് തകർന്ന സ്വരൂപ് ഒരുകാലിന്റെ ബലത്തിലാണ് ഇപ്പോൾ ജീവിതം നയിക്കുന്നത്. പരിക്ക് പറ്റിയ കാൽ മുറിച്ചുമാറ്റുകയായിരുന്നു. എന്നാൽ അതൊന്നും സ്വരൂപിനെ തളർത്തിയില്ല. ഒറ്റക്കാലിൽ നൃത്തം ചെയ്ത് ആ യുവാവ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായി. ഫ്‌ളവേഴ്‌സ് മൈജി ഒരുകോടി വേദിയിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ തന്റെ ജീവിതത്തിന് പ്രചോദനമായത് ആരാണെന്ന ചോദ്യവും സ്വരൂപ് നേരിട്ടു.

ഒരിക്കലും കണ്ടിട്ടില്ലാത്ത ബിബിൻ ജോർജായിരുന്നു സ്വരൂപിന്റെ കരുത്ത്. സ്വാധീനമില്ലാത്ത കാൽ ബിബിനെ വേറിട്ടുനിർത്തിയില്ല. സ്വാധീനക്കുറവിനെ കരുത്താക്കി നൃത്തവും, അഭിനയവും, ഫൈറ്റുമെല്ലാം ബിബിൻ അനായാസം അവതരിപ്പിച്ചു. ഒരുകോടിയുടെ വേദിയിൽ ബിബിന്റെ അനുഭവം ‘ബിബിൻ ജോർജ്, യു ആർ ഗ്രേറ്റ്’ എന്ന വാചകത്തോടെയാണ് ഏറ്റെടുത്തത്.

ഇതിനോടകം വൈറലായി മാറിയ എപ്പിസോഡ് ബിബിൻ ജോർജിന്റെ സുഹൃത്തും തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനും പങ്കുവെച്ചു. ഇപ്പോൾ, ലോകം പറയുന്നു, “ഹേയ്, ബിബിൻ ജോർജ്, യു ആർ ഗ്രേറ്റ്’ എന്ന ക്യാപ്ഷനൊപ്പമാണ് വിഷ്ണു വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Story highlights- flowers myg orukodi fame swaroop about bibin george