കപ്പലിന്റെ അവശിഷ്ടം അന്വേഷിച്ചിറങ്ങി; ആഴക്കടലില്‍ കണ്ടെത്തിയത് മനുഷ്യനേക്കാള്‍ വലിപ്പമുള്ള അപൂര്‍വ ജീവിയെ

October 11, 2021
Giant Deep-Sea Creature 

കപ്പലിന്റെ അവശിഷ്ടം അന്വേഷിച്ചിറങ്ങി; ആഴക്കടലില്‍ കണ്ടെത്തിയത് മനുഷ്യനേക്കാള്‍ വലിപ്പമുള്ള അപൂര്‍വ ജീവിയെ

വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. വ്യത്യസ്തമായ പ്രകൃതി ചാരുതകളും ആഴക്കടലിലെ വിസ്മയങ്ങളുമെല്ലാം പലപ്പോഴും നമുക്ക് അതിശയകാഴ്ചകളാണ്. അപൂര്‍വമായ പല ജീവി വര്‍ഗങ്ങളേയും ശാസ്ത്രലോകം കണ്ടെത്തിക്കൊണ്ടിരിക്കുന്നതും കൗതുകം നിറയ്ക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും നിറയുന്നത് അപൂര്‍വമായ ഒരു ജീവിയെക്കുറിച്ചുള്ള ചില കണ്ടെത്തലുകളാണ്.

ആഴക്കടലില്‍ നിന്നുമാണ് വിചിത്രമായ ഈ ജീവിയെ കണ്ടെത്തിയത്. കാഴ്ചയില്‍ കണവ പോലെയിരിക്കുന്ന ഈ ജീവിക്ക് മനുഷ്യനേക്കാള്‍ വലിപ്പുമുണ്ട് എന്നതാണ് പ്രധാന കൗതുകം. കഴിഞ്ഞ വര്‍ഷം ചെങ്കടലിലെ നിയോം പ്രദേശത്ത് നടത്തിയ ഒരു അന്വേഷണത്തിലാണ് ഈ ജീവിയെ കണ്ടെത്തിയത്. 2011-ല്‍ മുങ്ങിപ്പോയ പെല്ല എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ആഴക്കടലില്‍ അന്വേഷണം നടത്തിയതാണ് ഗവേഷകര്‍. ആ തെരച്ചിലില്‍ വിചിത്രമായ ഒരു ജീവിയേയും ഗവേഷക സംഘത്തിന് കണ്ടെത്താന്‍ സാധിച്ചു. കടലിന്റെ ഏകദേശം 2800 അടി താഴ്ചയിലായിരുന്നു പ്രത്യേക ക്യാമറയുടെ സൗകര്യത്തോടെ ഗവേഷക സംഘത്തിന്റെ തെരച്ചില്‍.

Read more: ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ പശു; ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തില്‍ റാണി

ക്യാമറയില്‍ ഈ അപൂര്‍വ ജീവിയുടെ ദൃശ്യങ്ങള്‍ അപ്രതീക്ഷിതമായി പതിയുകയായിരുന്നു എന്ന് ഓഷ്യന്‍ എക്‌സ് സയന്‍സ് പ്രോഗ്രാം ലീഡ് മാറ്റി റോഡ്രിഗ് പറഞ്ഞു. ഏകദേശം ഒരു വര്‍ഷംകൊണ്ടാണ് ഈ ജീവിയെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. പര്‍പ്പിള്‍ ബാക് ഫ്‌ളൈയിംഗ് സ്‌ക്വിഡ് ആണ് ഈ ജീവി. ഈ വിചിത്ര ജീവിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തും കൗതുകമായി മാറിയിരിക്കുകയാണ്.

Story highlights: Giant Deep-Sea Creature