സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ദ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്ന ബെൻ

Kerala State Film Awards 2020

2020-ലെ കേരള സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ദ് ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സ്വന്തമാക്കി. ജയസൂര്യ ആണ് മികച്ച നടൻ. അന്ന ബെൻ മികച്ച നടയിയായും തെരഞ്ഞെടുക്കപ്പെട്ടു.

ജിയോ ബേബി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി. കാലവും ശീലങ്ങളും മാറിയെന്ന് പറയപ്പെടുമ്പോഴും പല അടുക്കളകളിലും ഇന്നും നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥ വരച്ചുകാട്ടിയ ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍.

വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്.

കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം അന്ന ബെന്നിന് ലഭിച്ചത്. മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയതും കപ്പേളയുടെ സംവിധായകനാണ്.

നടിയും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നം ആണ് ഇത്തവണത്തെ ജൂറി ചെയർപേഴ്സൺ. ദ്വിതല സംവിധാനത്തിലൂടെയാണ് ഇത്തവണത്തെ സിനിമകളുടെ തെരഞ്ഞെടുപ്പ്. എൺപത് സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. മുപ്പത് സിനിമകളാണ് അന്തിമഘട്ടത്തിൽ മത്സരിച്ചത്.

Story highlights: Kerala State Film Awards 2020