രജനികാന്തിനൊപ്പം നൃത്തവുമായി മീനയും കീർത്തിയും ഖുശ്ബുവും- ഹിറ്റ്ലിസ്റ്റിൽ ഇടംനേടി ‘അണ്ണാത്തെ’യിലെ ഗാനം

സൂപ്പർ താരം രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കീർത്തി സുരേഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിവാഹ ആഘോഷ ഗാനമാണ് “മറുതാനി” എന്ന് പേരിട്ടിരിക്കുന്ന ഗാനം.ഡി.ഇമ്മാൻ സംഗീതം നൽകിയ ഗാനം രചിച്ചിരിക്കുന്നത് മണി അമുതവനാണ്. നകാഷ് അസീസ്, ആന്റണി ദാസൻ, വന്ദന ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ രജനികാന്തിന്റെ സഹോദരിയായി കീർത്തി അഭിനയിക്കുന്നു. ഗാനരംഗത്ത് ഖുശ്ബുവും മീനയും നൃത്തവുമായി എത്തുന്നുണ്ട്. ഒരുസമയത്ത് രജനിയുടെ ഹിറ്റ് നായികമാരായിരുന്ന ഇരുവരും അണ്ണാത്തെയിൽ സഹോദരിമാരായാണ് എത്തുന്നത്. നയൻതാരയാണ് ചിത്രത്തിൽ രജനികാന്തിന്റെ നായിക.

Read More: ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖിൽ അക്കിനേനിക്ക് ഒപ്പം

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ അണ്ണാത്തെയുടെ ടീസർ വളരെയേറെ ശ്രദ്ധനേടിയിരുന്നു. ശിവ രചനയും സംവിധാനവും നിർവഹിക്കുന്ന അണ്ണാത്തെ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നവംബർ 4 ന് തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. പ്രകാശ് രാജ്, സൂരി, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story highlights- lyrical video of the song ‘Marudhaani’ from Annaatthe