‘അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’; നെടുമുടി വേണുവിന്റെ കരുതലിനെക്കുറിച്ച് മഞ്ജു വാര്യര്‍

Manju Warrier tribute to actor Nedumudi Venu

സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് മരണം കവര്‍ന്നെടുത്ത പ്രിയ കലാകാരന്‍ നെടുമുടി വേണുവിന്റെ ഓര്‍മകള്‍. ഉള്ളുതൊടുന്ന വാക്കുകള്‍ക്കൊണ്ടാണ് പലരും നെടുമുടി വേണുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. ഇന്ന് ഉച്ചയോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു മഹാനടന്റെ അന്ത്യം. ദീര്‍ഘനാളായി ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് നെടുമുടി വേണുവിന്റേത്. നെടുമുടി വേണുവിന്റെ ആര്‍ദ്രമായ കരുതലിന്റെ ആഴം വ്യക്തമാക്കുകയാണ് ചലച്ചിത്ര താരം മഞ്ജു വാര്യര്‍. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെച്ച കുറിപ്പില്‍ ഒരച്ഛന്റെ കരുതലിനെക്കുറിച്ചുള്ള വാക്കുകളാണ് പ്രതിഫലിക്കുന്നത്.

മഞ്ജു വാര്യരുടെ വാക്കുകള്‍

അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട… ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’ വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്.

‘ദയ’യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആന്‍ഡ് ജില്‍’, ഏറ്റവും ഒടുവില്‍ ‘മരയ്ക്കാറും’. ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച, തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും…. വേദനയോടെ വിട

Story highlights: Manju Warrier tribute to actor Nedumudi Venu