മനോഹരമായ നൃത്താവിഷ്‌കാരത്തിലൂടെ ഗുരുവിന് പിറന്നാള്‍ ആശംസിച്ച് ശോഭന

October 13, 2021
Sobhan dance tribute to her dance teacher

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്ത് ശോഭനയുടെ നിരവധി നൃത്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ശ്രദ്ധ നേടുന്നതും നടനഭാവങ്ങളിലുള്ള ശോഭനയുടെ ഒരു വിഡിയോയാണ്. ഗുരുവായ ചിത്ര വിശ്വേശ്വരന് പിറന്നാള്‍ ആശംസിക്കുകയാണ് താരം നൃത്താവിഷ്‌കാരത്തിലൂടെ. ചിത്ര വിശ്വേശ്വരന്റെ നൃത്തഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് വിഡിയോയില്‍. ക്ലാസിക്കല്‍ ശൈലിയില്‍ അതിമനോഹരമായാണ് വിഡിയോയില്‍ ശോഭന ചുവടുവയ്ക്കുന്നത്. മുഖത്ത് വിടരുന്ന നടന ഭാവങ്ങളും പ്രശംസനീയമാണ്.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയിരുന്നു ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിച്ചതും.

Story highlights: Sobhan dance tribute to her dance teacher