19-ാം നൂറ്റാണ്ടില്‍ പടനായകനായ പാച്ചുപ്പണിക്കറായി സുധീര്‍ കരമന; കഥാപാത്രത്തെ പരിചയപ്പെടുത്തി സംവിധായകന്‍

October 10, 2021
Vinayan about new character in Pathonpatham Noottandu

വിനയന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചരിത്ര പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിജു വില്‍സണ്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ എത്തുന്നത്.

നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചരിത്ര സിനിമയിലെ മറ്റൊരു കഥാപാത്രത്തെക്കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. സുധീര്‍ കരമന അവതരിപ്പിക്കുന്ന പാച്ചുപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ നിര്‍മാണം.

സംവിധായകന്റെ വാക്കുകള്‍

ശ്രീ ഗോകുലം മൂവീസിന്റെ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ബൃഹുത്തായ ചരിത്ര സിനിമയുടെ ഒന്‍പതാമതു character poster ഇന്നു നിങ്ങളുടെ മുന്നില്‍ എത്തുകയാണ്. തിരുവിതാംകൂറിന്റെ പടനായകന്‍ പാച്ചുപ്പണിക്കരുടെ വേഷം അവതരിപ്പിക്കുന്നത് മലയാളികളുടെ ഇഷ്ട നടന്‍ സുധീര്‍ കരമനയാണ്. പട നയിക്കാനും അങ്കം വെട്ടാനും ഒക്കെ പേരെടുത്ത പ്രഗത്ഭനായ പടനായകന് തസ്‌കര വീരന്‍ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുകയായിരുന്നു പടനായകന്‍.

ഇതിനിടയില്‍ ആറാട്ടുപുഴ വേലായുധച്ചേകവര്‍ എന്ന അതിസാഹസികനായ പോരാളിയുടെ രംഗ പ്രവേശം തസ്‌കര വീരനെയും ഒന്നു വിറപ്പിച്ചു. പക്ഷെ അതു മുതലെടുക്കുവാന്‍ പടനായകന്‍ പാച്ചുപ്പണിക്കര്‍ക്കായില്ല. എത്ര ധീരനായ പടനായകനാണങ്കിലും പലര്‍ക്കും കൊട്ടാരത്തിലെ ഉപജാപക വൃന്ദത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതൊരു സത്യമാണ്. ചിലര്‍ ചതിയില്‍ മരണപ്പെട്ടിട്ടുമുണ്ട്. ആരേയും കൂസാത്ത തന്‍റേടിയായ പാച്ചുപ്പണിക്കര്‍ക്ക് പലപ്പോഴും സ്വന്തം നിലനില്‍പ്പിനു വേണ്ടിയും പോരാടേണ്ടി വന്നു. സുധീറിന്റെ വ്യത്യസ്ഥതയുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാം.

തിരുവിതാംകുറിന്റെ ചരിത്രരേഖകളില്‍ പലപ്പോഴും തമസ്‌കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഏറ്റവും നല്ല സാങ്കേതിക തികവോടെ 2022 ആദ്യപാദത്തില്‍ തിയേറ്ററുകളില്‍ എത്തുന്ന ഈ ചിത്രം കൊമേഴ്‌സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.

Story highlights: Vinayan about new character in Pathonpatham Noottandu