മത്സ്യബന്ധനത്തിനിടെ കണ്ടെത്തിയത് കടുംമഞ്ഞനിറത്തിലുള്ള അപൂർവ മത്സ്യത്തെ; കാരണമിതാണ്

മത്സ്യബന്ധനം ഉപജീവനമാക്കിയവരും വിനോദത്തിനായി മീനിനെ ചൂണ്ടയിട്ട് പിടിക്കുന്നവരുമൊക്കെ നിരവധിയാണ്. എന്നാൽ ചിലപ്പോഴൊക്കെ മീൻ പിടിയ്ക്കുന്നതിനിടെയിലെ ചില രസകരമായ സംഭവങ്ങളും കൗതുകങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഒരു മത്സ്യബന്ധന തൊഴിലാളിയുടെ വലയിൽ അകപ്പെട്ട ഒരു അപൂർവ മത്സ്യത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്.

നെതർലാൻസിലാണ് സംഭവം. മാർട്ടിൻ ഗ്ലാറ്റ്സ് എന്ന മത്സ്യത്തൊഴിലാളി സഹോദരനൊപ്പം മീൻ പിടിയ്ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വലയിൽ ഒരു അപൂർവ മത്സ്യം കുടുങ്ങിയത്. വലയിൽ കുടുങ്ങിയത് ക്യാറ്റ് ഫിഷ് വിഭാഗത്തിൽപെട്ട മീൻ ആയിരുന്നുവെങ്കിലും അതിന്റെ നിറം വളരെ അതിസാധാരണമായിരുന്നു. തിളക്കമാർന്ന കടും മഞ്ഞനിറത്തിലാണ് ക്യാറ്റ് ഫിഷിനെ കണ്ടെത്തിയത്. ഇതിന് മുൻപും നിരവധി ക്യാറ്റ് ഫിഷുകൾ വലയിൽ കുടിങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മഞ്ഞ നിറത്തിലുള്ള മീനിനെ കാണുന്നത് എന്നാണ് മാർട്ടിൻ പറഞ്ഞത്. മീനിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ തികച്ചും അപൂർവമാണ് ഈ ഫിഷ് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടതും.

Read also: ഫ്രെയ്‌മിൽ ഉള്ളത് ചിത്രത്തിന്റെ പകുതി മാത്രം; ലേലത്തിൽ 190 കോടി രൂപയ്ക്ക് വിറ്റ ചിത്രത്തിന് പിന്നിൽ

അതേസമയം ലൂസിസം എന്ന അപൂർവ ജനിതക രോഗമാണ് മത്സ്യത്തിന്റെ ഈ അപൂർവ നിറത്തിന് കാരണം എന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്. സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ എന്നിവയുടെ ചർമത്തിലും മുടിയിലും പിഗ്മെൻറ്റേഷൻ കുറയ്ക്കുന്നതിന് കാരണമാകുന്ന ജനിതക വൈകല്യമാണ് ലൂസിസം. അതേസമയം കാഴ്ചയിൽ വളരെ ആകർഷകമായി തോന്നുമെങ്കിലും ഇവയുടെ നിറംമാറ്റം ഇവയെ വേഗത്തിൽ വേട്ടയാടപ്പെടാൻ കാരണമാകുന്നുണ്ട്.

Story highlights: Dark yellow fish found in Netherlands