‘സ്ത്രീധന രഹിത ഗ്രാമം’; പേരുപോലെ സുന്ദരമാണ് ഇന്ത്യയിലെ ഈ ഗ്രാമം

സ്ത്രീധനം വാങ്ങിക്കുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചാലും ഇന്നും സ്ത്രീധന മരണങ്ങൾ തുടർക്കഥയാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും നിരവധി കേസുകളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്ത്രീധന രഹിത ഗ്രാമം എന്നൊരു ഇടം തന്നെയുണ്ട് നമ്മുടെ ഇന്ത്യയിൽ. കാശ്മീരിലാണ് ഈ ഗ്രാമം. ശ്രീനഗറിൽ നിന്നും 30 കിലോമീറ്റർ ദൂരത്തിൽ ഗന്ധർബാൽ ജില്ലയിലാണ് ബാബ വയിൽ എന്ന സ്ത്രീധന രഹിത ഗ്രാമം.

വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇവിടെ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ആഡംബര വിവാഹങ്ങളോടോ ആഘോഷങ്ങളോടെ സ്ത്രീധനത്തോടോ ഒന്നും ഇവിടെ ഉള്ളവർക്ക് താത്പര്യമായില്ല. ഈ ഗ്രാമത്തിലെ വ്യക്തികളും ഗ്രാമത്തലവനും അടക്കം എല്ലാവരും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് എഴുതി ഒപ്പിട്ട് നൽകണം. അതുകൂടാതെ വസ്ത്രങ്ങളോ ആഭരണങ്ങളോ വസ്തുക്കളോ ആയി എന്തെങ്കിലും വധുവിന്റെ കുടുംബത്തിൽ നിന്നും വരനോ വരന്റെ വീട്ടുകാരോ ആവശ്യപ്പെട്ടാൽ അവരെ ഗ്രാമത്തിൽ നിന്നും പുറത്താക്കാനുള്ള അവകാശവും ഗ്രാമത്തലവനുണ്ട്.

Read also: ദർശനയ്ക്കും കല്യാണിക്കുമൊപ്പം പ്രണവ്; ആകാംഷ നിറച്ച് ഹൃദയം ടീസർ

1985 മുതൽ ഈ ഗ്രാമത്തിൽ സ്ത്രീധനം നൽകുന്നതും വാങ്ങിക്കുന്നതും നിരോധിച്ചിരുന്നു എങ്കിലും 2004 മുതലാണ് ഇത് രേഖാമൂലം എഴുതി നൽകിയത്. എന്നാൽ സ്ത്രീകളെ വിവാഹം ചെയ്യുമ്പോൾ പുരുഷന്മാർ അവർക്ക് മഹർ ഇനത്തിൽ 15,000 രൂപ നൽകണമെന്നും ഷോപ്പിങ്ങിനായി 20,000 രൂപ നല്കണം എന്നും രേഖയിലുണ്ട്.

Read also; പൂച്ചകളുടെ കൂട്ടക്കരച്ചിൽ; രക്ഷയായത് പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ

സ്ത്രീധനയുമായി ബന്ധപ്പെട്ട് തങ്ങളുടെ പെൺകുട്ടികൾ ദുരിതം അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവിടുത്തെ ഗ്രാമവാസികൾ സ്ത്രീധനം എന്ന ആചാരത്തെ തുടച്ചുനീക്കനായി മുന്നോട്ട് വന്നത്.

Story highlights: Dowry free village in India