ഒന്നുകിൽ പമ്പര വിഡ്ഢി അല്ലെങ്കിൽ അതിബുദ്ധിമാൻ; ആവേശം നിറച്ച് ‘കുറുപ്പ്’ ട്രെയ്‌ലർ

കേരളത്തിന്റെ അന്വേഷണചരിത്രത്തിൽ പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുറുപ്പ്. നവംബർ 12 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘പകലിരവുകൾ’ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read also: 47 വർഷമായി ഒരേ സ്ഥലത്ത് പാർക്ക് ചെയ്ത നിലയിൽ; സ്മാരകമായി മാറിയ കാറിന് പിന്നിൽ…

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights : Dulquer Salmaan Kurup Malayalam Trailer