ആവേശം നിറയ്ക്കാൻ ദുൽഖർ സൽമാന്റെ ‘കുറുപ്പ്’; ശ്രദ്ധനേടി വിഡിയോ

സിനിമ ആസ്വാദകർ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കുറുപ്പ്. നവംബർ 12 മുതൽ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വിഡിയോയാണ് കാഴ്ചക്കാരിൽ ആവേശം നിറയ്ക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മുന്നോടിയായാണ് അനൗൺസ്‌മെന്റ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം നിര്‍വഹിയ്ക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം സെക്കന്റ് ഷോ ടീം വീണ്ടും ഒന്നിക്കുകയാണ് കുറുപ്പ് എന്ന പുതിയ ചിത്രത്തിലൂടെ.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിനു വേണ്ടിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Dulquer Salmaan Kurup video