കുറിപ്പിലെ ആ വലിയ സർപ്രൈസ്; ശ്രദ്ധനേടി ദുൽഖർ സൽമാന്റെ വാക്കുകൾ

സിനിമ പ്രേമികൾക്കിടയിലെ ഇഷ്ടം കവരുകയാണ് കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്കെത്തിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാന് പുറമെ നിരവധി പ്രമുഖ താരങ്ങളും അണിനിരന്നിരുന്നു. എന്നാൽ ചിത്രം റിലീസ് ആകുന്നതുവരെ പ്രേക്ഷകർ അറിയാതിരുന്നതാണ് ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രമായി ടൊവിനോ തോമസും എത്തുന്നുന്നുണ്ട് എന്നുള്ള വിവരം. ഇപ്പോഴിതാ ചിത്രത്തിലെ മർമപ്രധാനമായ കഥാപാത്രം ചാർളിയെ അവതരിപ്പിച്ച ടൊവിനോ തോമസിന് നന്ദി പറയുകയാണ് ദുൽഖർ സൽമാൻ.

ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് ടൊവിനോ തോമസിന്റേത്. ചിത്രത്തിന് താരം നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നുമാണ് ദുൽഖർ കുറിച്ചത്. അതിന് പുറമെ ടൊവിനോ തോമസിന്റേതായി അണിയറയിൽ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം മിന്നൽ മുരളിയ്ക്ക് ആശംസകളും നേരുന്നുണ്ട് ദുൽഖർ.

Read also: വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും; ‘കാതുവാക്കുള്ളെ രണ്ടു കാതൽ’ വരുന്നു

കേരളത്തിന്റെ അന്വേഷണചരിത്രത്തിൽ പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് കുറുപ്പ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights; dulquer salmaan reveals kurupp surprise