ഇത് ‘കുറുപ്പി’ന് വേണ്ടി ദുൽഖർ പാടിയ ഗാനം; ആവേശം നിറച്ച് ഡിങ്കിരി ഡിങ്കാലെ

കഴിഞ്ഞ കുറച്ച് നാളുകളായി സിനിമ ആസ്വാദകർ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. കേരളത്തിന്റെ അന്വേഷണചരിത്രത്തിൽ പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം നവംബർ 12 നാണ് തിയേറ്ററിൽ എത്തുന്നത്. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിന് വേണ്ടി ദുൽഖർ സൽമാൻ ആലപിച്ച ഗാനം. ഡിങ്കിരി ഡിങ്കാലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read also; തെരുവിൽ അലഞ്ഞ 300-ഓളം മിണ്ടാപ്രാണികൾക്ക് അഭയമൊരുക്കി, മരങ്ങൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതിക്ക് തുണയായി; മാതൃകയാണ് ആഷിഷ്

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights : Dulquer Salmaan Song For Kurup