‘കൊച്ചു കൊച്ചു സന്തോഷങ്ങളു’ടെ സെറ്റിലേക്ക് തിരികെ എത്തിയതുപോലെ: ജയറാം- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷനിൽനിന്ന് കാളിദാസ്…

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രമാണ് കൊച്ചുകൊച്ചു സന്തോഷങ്ങൾ. ജയറാം നായകനായി എത്തിയ ചിത്രത്തിൽ ബാലതാരമായി കാളിദാസ് ജയറാമും എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട്- ജയറാം കൂട്ടുകെട്ടിന്റെ ലൊക്കേഷനിൽ എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയുടെ സെറ്റിലേക്ക് തിരികെ എത്തിയതുപോലെയായിരുന്നു ഈ കൂടിക്കാഴ്ച എന്നാണ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കാളിദാസ് കുറിച്ചത്.

‘പ്രഗത്ഭ സംവിധായകനും എന്റെ പ്രിയപ്പെട്ട നടനും ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണാൻ കഴിയുന്നത് തന്നെ വലിയ കാര്യം. സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെയാണ് ഇപ്പോൾ തോന്നുന്നത്. ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. വ്യക്തിപരമായി ഈ കൂട്ടുകെട്ടിന്റെ ആരാധകനാണ് താൻ. ചിത്രം തിയേറ്ററിൽ പോയി കാണാൻ ഞാനും കാത്തിരിക്കുകയാണ്’- കാളിദാസ് കുറിച്ചു.

Read also: മിന്നൽ അടിച്ചു ഗയ്‌സ്; ബേസിൽ ജോസഫിന്റെ ‘മിന്നൽ മുരളി’ സ്‌പെഷ്യൽ ആക്ഷൻ സോങ് പുറത്തുവിട്ട് ടൊവിനോ തോമസ്

‘ഞാൻ പ്രകാശന്’ ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ജയറാമിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീര ജാസ്മിൻ ആണ്. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ജയറാമും മീര ജാസ്മിനും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെ പി എ സി ലളിത, ശ്രീനിവാസൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ പേര് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Story highlights; kalidas Jayaram with Sathyan Anthikadu