സ്റ്റുഡിയോയിലെ മറ്റു ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നും പലപ്പോഴും പിടിച്ചു കൊണ്ട് വന്ന് അഭിനയിപ്പിക്കുകയായിരുന്നു ആ ആറുവയസുകാരനെ; ഉലകനായകന്റെ ഉത്‌ഭവത്തെക്കുറിച്ച് രസകരമായ കുറിപ്പ്

November 18, 2021

തെന്നന്ത്യൻ സിനിമ ലോകത്ത് പകരം വയ്ക്കാനില്ല താരമായി മാറിയതാണ് ഉലകനായകൻ കമൽ ഹാസൻ. 1960 ൽ പുറത്തിറങ്ങിയ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് കമൽ ഹാസൻ ആദ്യമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ബാലതാരമായി എത്തിയ താരം ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും സ്വന്തമാക്കി. ഇന്ന് സിനിമ ആസ്വാദകരുടെ പ്രിയതാരമായി മാറിയ ഉലകനായകനെക്കുറിച്ച് നിർമാതാവ് ജോളി ജോസഫ് പങ്കുവെച്ച രസകരമായ കുറിപ്പാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമായി മാറുന്നത്.

കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിൽ ജമിനി ഗണേശനും സാവിത്രിയും നായികാ നായകന്മാർ ആയപ്പോൾ ജമിനിയുടെ മകന്റെ വേഷം ചെയ്യാൻ അക്കാലത്തെ വിലപ്പിടിപ്പുള്ള ബാലതാരം ഡെയ്‌സി ഇറാനിയെ ആണ് ആദ്യം കാസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ആ റോൾ മറ്റൊരു കൊച്ചുപയ്യനിലേക്ക് മാറുകയായിരുന്നു. 1960 ഓഗസ്റ്റ് മാസം കളത്തൂർ കണ്ണമ്മ എന്ന ചിത്രം റിലീസ് ആയി വലിയ വിജയവും നേടി. ആറാം വയസ്സിലെ ആദ്യത്തെ പടം കൊണ്ടു തന്നെ ആ കൊച്ചുപയ്യൻ പ്രേക്ഷകരെ അമ്പരപെടുത്തി, മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും സ്വന്തമാക്കി. ഇന്ത്യൻ സിനിമയിൽ സകലകലാവല്ലഭൻ എന്ന പേരിനു 100% ശതമാനം അനുയോജ്യനായ അന്നത്തെ ആ ബാലൻ ആണ് ഇന്നത്തെ ഉലകനായകൻ കമൽ ഹാസൻ.

ജോളി ജോസഫിന്റെ വാക്കുകൾ:

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമാ നിർമാണകമ്പനികളിൽ ഒന്നാണ് എ വി മെയ്യപ്പചെട്ടിയാരുടെ ഉടമസ്ഥതയിലുള്ള, അമ്പതുകൾ മുതൽ തമിഴിൽ ഒരുപാടു സിനിമകൾ നിർമിച്ച ചെന്നൈയിലെ പ്രസിദ്ധമായ എ വി എം സ്റ്റുഡിയോ. ചെട്ടിയാരുടെ അനുഗ്രഹത്തോടെ മക്കളായ ശരവണൻ, കുമാരൻ, മുരുകൻ എന്നിവർ ഒരു സിനിമ നിർമ്മിക്കാൻ പ്ലാൻ ചെയ്തു . ‘നോബോഡി ചൈൽഡ് ‘ എന്ന ചൈനീസ് ചിത്രത്തിൽ നിന്നും കടം കൊണ്ടു ഒരു കഥ ജാവർ സീതാരാമൻ എന്ന എഴുത്തുകാരൻ തയ്യാറാക്കി. ജമിനി ഗണേശനും സാവിത്രിയും പടത്തിൽ നായകനും നായികയുമായി. ജമിനിയുടെ മകന്റെ വേഷം ചെയ്യാൻ അന്നത്തെ വിലപിടിപ്പുള്ള ബാലതാരം ഡെയ്സി ഇറാനിയെ കാസ്റ്റ് ചെയ്തു. ടി പ്രകാശ് റാവുവായിരുന്നു പടത്തിന്റെ സംവിധായകൻ. പിന്നീട് ഭീംസിംഗ് സംവിധാനം ഏറ്റെടുത്തു .

ഒരു ദിവസം ചെട്ടിയാരുടെ ഫാമിലി ഡോക്ടർ സാറാ രാമചന്ദ്രൻ, സിനിമയിൽ അഭിനയിക്കാൻ മോഹമുള്ള ഒരു കൊച്ചു പയ്യനെയും കൂട്ടി ചെട്ടിയാരുടെ വീട്ടിലേക്ക് വന്നു. തന്നെ അവർക്ക് ഡോക്ടർ പരിചയപെടുത്താൻ വൈകിയപ്പോൾ തന്നെ അവൻ കുറുമ്പൊടെ കോപത്തോടെ ഒരു മൂലയിൽ ഇരുന്നു. അതുകണ്ട ശരവണനും അമ്മ രാജേശ്വരിക്കും അവന്റെ കുറുമ്പ് ഇഷ്ടമായി. ഉടനെ തന്നെ ശരവണൻ പിതാവിന്റെ അടുത്തേക്ക് കുട്ടിയെ കൊണ്ടുപോയി. ചെട്ടിയാർ താൻ ഇരിക്കുന്ന കസേരക്ക് മുകളിലെ ഹെഡ്ലാമ്പ് ആ ബാലന്റെ മുഖത്തേക്ക് തിരിച്ചുകൊണ്ടു നിന്റെ അഭിനയം ഒന്ന് കാണട്ടെ എന്ന് പറഞ്ഞു. അന്ന് ഡെയ്സി അഭിനയിച്ച ചില പടങ്ങളിലെ സീനുകൾ പിന്നെ ശിവാജി, എം ജി ആർ എന്നിവരെയെല്ലാം അവൻ നന്നായി അനുകരിച്ചു കാണിച്ചു. അവന്റെ ചുറുചുറുക്കും അഭിനയത്തോടുള്ള ആവേശവും ചെട്ടിയാർക്ക് ഇഷ്ടമായി. അദ്ദേഹം ഡെയ്സി ഇറാനിക്ക് പകരം അവനെ ജമിനിഗണേശന്റെ മകനായി കാസ്റ്റ് ചെയ്തു. മറ്റുള്ളവർക്ക് പെട്ടന്ന് അത് അംഗീകരിക്കാൻ പറ്റിയില്ലെങ്കിലും ചെട്ടിയാരുടെ വാക്കിന്റെ പിൻബലത്തിൽ അവൻ ആദ്യമായി സിനിമയിൽ എത്തി.

സെറ്റുകളിൽ അവൻ ഓടി ചാടി അർമാദിച്ചു നടന്നു. സ്റ്റുഡിയോയിലെ മറ്റു ഷൂട്ടിംഗ് ലൊക്കേഷനുകളിലും പോയിനിൽക്കുന്നവനെ പലപ്പോഴും അവിടെ നിന്നും പിടിച്ചു കൊണ്ട് വന്ന് അഭിനയിപ്പിക്കുകയായിരുന്നു. മൊത്തത്തിൽ ആ സെറ്റ് അവന്റെ മറ്റൊരു വീടും താരങ്ങൾ അവന്റെ കൂട്ടുകാരും ആയി. അപ്പോഴേക്കും അവന് തുണയായി മൂത്ത സഹോദരൻ ചാരുഹാസൻ പരമകുടി എന്ന ഗ്രാമത്തിൽ നിന്നും മദ്രാസിലേക്ക് കുടിയേറി, പിന്നെ ചരിത്രം.

1960 ഓഗസ്റ്റ് മാസം കളത്തൂർ കണ്ണമ്മ എന്ന ചിത്രം റിലീസ് ആയി വലിയ വിജയവും നേടി. ആറാം വയസ്സിലെ ആദ്യത്തെ പടം കൊണ്ടു തന്നെ അവൻ പ്രേക്ഷകരെ അമ്പരപെടുത്തി, മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും സ്വന്തമാക്കി. ഇന്ത്യൻ സിനിമയിൽ സകലകലാവല്ലഭൻ എന്ന പേരിനു 100% ശതമാനം അനുയോജ്യനായ അന്നത്തെ ആ ബാലൻ തന്റെ 67 മത്തെ പിറന്നാൾ കഴിഞ്ഞ ഏഴാം തിയതി ആഘോഷിച്ചു.

ഭാഷകൾക്കതീതമായ അഭിനയജ്ഞാനം, പ്രധാന ഭാഷയിലെല്ലാം പുരസ്‌കാരനേട്ടം, സിനിമയിലെ എല്ലാ മേഖലയിലും പ്രാവീണ്യം. എന്റെ ഗുരുനാഥനായ ചാരുഹാസൻ സാർ മുഖേനെ ഒരുപാടു പ്രാവശ്യം കമൽ സാറിനെ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അറുപത്തൊന്ന് കൊല്ലമായി സിനിമയിൽ വാഴുന്ന ഉലകനായകന് കുറച്ചു വൈകിയ പിറന്നാൾ ആശംസകൾ.

Story highlights: kamal hasan entry to film industry viral post