എലിപ്പനിക്കെതിരെ ജാഗ്രത വേണം; ലക്ഷണങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാം

കേരളത്തിൽ മഴ കനക്കുന്നതോടെ നിരവധി രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. മലിനജന സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ ഇടയുള്ള രോഗമാണ് എലിപ്പനി.

എന്താണ് എലിപ്പനി

ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. സാധാരണഗതിയില്‍ ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

എങ്ങനെയാണ് എലിപ്പനി പടരുന്നത്

രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുകയും ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്താണ് എലിപ്പനി ഉണ്ടാകുന്നത്.

മഴക്കാലത്ത് ഏതെങ്കിലും സാഹചര്യത്തില്‍ മലിനജലത്തിലിറങ്ങുന്നവര്‍ക്കാണ് എലിപ്പനി ഉണ്ടാകാന്‍ സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെ കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്ന് കഴിക്കുന്നതും രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Read also:തെരുവിൽ അലഞ്ഞ 300-ഓളം മിണ്ടാപ്രാണികൾക്ക് അഭയമൊരുക്കി, മരങ്ങൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതിക്ക് തുണയായി; മാതൃകയാണ് ആഷിഷ്

ലക്ഷണങ്ങൾ

പനി, പേശി വേദന, തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക. പ്രാരംഭഘട്ടത്തില്‍ ചികിത്സ ഉറപ്പാക്കിയാല്‍ എലിപ്പനിയെ അതിജീവിക്കാന്‍ സാധിക്കും. ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കാനും അത് രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കാനുമുള്ള സാധ്യതയും കൂടുതലാണ്.

story highlights: leptospirosis causes and symptoms