അന്ന് 2,245 രൂപ മുടക്കി വാങ്ങിച്ചു, കൈയിലുള്ളത് കോടികൾ വിലമതിക്കുന്ന ചിത്രമെന്ന് തിരിച്ചറിഞ്ഞത് വർഷങ്ങൾക്ക് ശേഷം

November 27, 2021

ചിലതൊക്കെ അങ്ങനെയാണ് അവയുടെ മൂല്യം കണ്ടെത്താൻ വളരെ വൈകും, ചിലപ്പോൾ അത് തിരിച്ചറിയുമ്പോഴേക്കും അവ നമുക്ക് എന്നന്നേക്കുമായി നഷ്ടമായേക്കും. ഇപ്പോഴിതാ 2245 രൂപയ്ക്ക് വാങ്ങിയ ഒരു ചിത്രത്തിന്റെ മൂല്യം വളരെ വൈകി തിരിച്ചറിഞ്ഞ ഒരാളുടെ വിശേഷങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വായിച്ചറിയുന്നത്. 2016 ലാണ് വെറുതെ ഒരു കൗതുകത്തിന് വേണ്ടി 2245 രൂപ മുടക്കി ഒരു രേഖാചിത്രം ഒരാൾ വാങ്ങിസൂക്ഷിച്ചത്.

ഫ്രെയ്‌മില്ലാത്ത രീതിയിൽ ഉള്ള ഒരു രേഖാചിത്രമായിരുന്നു അത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ആ ചിത്രം വീട്ടുടമയുടെ ശ്രദ്ധയിൽപ്പെട്ടു. ഈ ചിത്രത്തിൽ എഴുതിയിരുന്ന എഡി എന്ന ലെറ്ററും അദ്ദേഹം ശ്രദ്ധിച്ചു. തുടർന്ന് ചിത്രത്തിന്റെ പഴക്കം പരിശോധിക്കാൻ തീരുമാനിച്ച അദ്ദേഹം ആ ചിത്രം വിദഗ്ധരെ കാണിച്ചു. കൃത്യമായ പരിശോധനകൾക്ക് ശേഷം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ ചിത്രമെന്ന് തിരിച്ചറിഞ്ഞു.

ജർമ്മൻ നവോത്ഥാന ചിത്രകാരനായ ആൽബ്രെക്റ്റ് ഡ്യൂററുടെ യഥാർത്ഥ ചിത്രമാണിതെന്നും 1503 -ൽ വരച്ചതാണെന്നും കണ്ടെത്തിയതോടെ ഈ ചിത്രത്തിന്റെ മൂല്യം വളരെ വലുതാണെന്നും അദ്ദേഹത്തിന് മനസിലായി. വെറും 2245 മാത്രം മുടക്കി വാങ്ങിയ ചിത്രത്തിന് 370 കോടിയോളം രൂപ വില വരുമെന്നും അവർ കണ്ടെത്തി.

Read also: ‘കുഞ്ഞാലീടെ മേത്തൂന്ന് അവസാന ചോര ഇറ്റ് വീഴണവരെ പറങ്കികള് സാമൂതിരീടേ മണ്ണില് കാല്കുത്തൂലാ…’- ശ്രദ്ധനേടി മരക്കാർ വിഡിയോ

1503 -ലെ ഈ രേഖാചിത്രത്തിലുള്ളത് കന്യാമറിയവും മകൻ യേശുക്രിസ്തുവുമാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. അതേസമയം ‘ദ വിർജിൻ ആൻഡ് ചൈൽഡ് വിത്ത് എ ഫ്ലവർ ഓൺ എ ഗ്രാസി ബെഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റിങ് ഡിസംബർ 12 വരെ ലണ്ടനിലെ ആഗ്ന്യൂസ് ഗാലറിയിൽ പ്രദർശനത്തിന് വെച്ചിരിക്കുകയാണ്.

Story highlights; Man bought drawing for rs 2245 but its worth crores