സ്വന്തം വീടും സ്ഥലവും വിറ്റ് സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യാൻ ഇറങ്ങിയ യുവാവ്, പിന്നിൽ ചെറുതല്ലാത്തൊരു കാരണവും

November 9, 2021

റോഡപകടങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. അശ്രദ്ധയും അമിതവേഗതയുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുന്നത് ഒരു പരിധിവരെ അപകടങ്ങളുടെ ആഘാതം കുറയാൻ കാരണമാകും. എന്നാൽ ഗതാഗത വകുപ്പിന്റെ ഇത്തരം നിർദ്ദേശങ്ങൾ പാലിക്കാത്തവരും നിരവധി. ഇപ്പോഴിതാ സ്വന്തം വീടും മൂന്നേക്കർ സ്ഥലവും വിറ്റ് സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യുന്ന ഒരു യുവാവാണ് സോഷ്യൽ ഇടങ്ങളിൽ അടക്കം ശ്രദ്ധനേടുന്നത്.

പട്ന സ്വാദേശിയായ രാഘവേന്ദ്ര കുമാർ എന്ന 34 വയസുകാരനാണ് സൗജന്യമായി ആളുകൾക്ക് ഹെൽമറ്റ് വിതരണം ചെയ്യുന്നത്. ഇതിനോടകം 49,000 ഹെൽമറ്റുകൾ വിതരണം ചെയ്ത രാഘവേന്ദ്ര കുമാറിന് ‘ഹെൽമറ്റ് മാൻ’ എന്ന വിളിപ്പേരും ലഭിച്ചുകഴിഞ്ഞു. ഐ ടി മേഖലയിലെ ജീവനക്കാരനായ രാഘവേന്ദ്ര കുമാർ സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യുന്നതിന് പിന്നിലുമുണ്ട് ഒരു കാരണം.

Read also : ഗുഹാ പര്യവേഷണത്തിനിടെ 50 അടി താഴ്ചയിലേക്ക് പതിച്ച് യുവാവ്; രണ്ടുദിവസത്തിന് ശേഷം പുറത്തെത്തിച്ചത് 240 രക്ഷാപ്രവർത്തകർ ചേർന്ന്- ചരിത്രമായൊരു രക്ഷാദൗത്യം

രാഘവേന്ദ്ര കുമാറിന്റെ ഉറ്റ സുഹൃത്ത് താക്കൂർ ഇരുചക്രവാഹന അപകടത്തെ തുടർന്നാണ് മരിച്ചത്. അപകടം നടന്നപ്പോൾ താക്കൂർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഈ സംഭവത്തിന് ശേഷമാണ് ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മറ്റുള്ളവർക്ക് ബോധവത്‌കരണം നടത്താൻ രാഘവേന്ദ്ര കുമാർ ഇറങ്ങിത്തിരിച്ചത്. ഇതിന്റെ ഭാഗമായി പരമ്പരാഗതമായി കിട്ടിയ വീടും സ്ഥലവും വിറ്റ് രാഘവേന്ദ്ര കുമാർ സുരക്ഷയുടെ സന്ദേശം നൽകുന്ന സേവനവുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇതിനോടകം 22 സംസ്ഥാനങ്ങളിലായി ഏകദേശം രണ്ട് കോടിയോളം രൂപയുടെ ഹെൽമറ്റുകൾ അദ്ദേഹം ആളുകൾക്ക് സൗജന്യമായി നൽകി കഴിഞ്ഞു.

Story highlights;  man sells land to distribute helmets worth Rs. 2 crore for free