പാട്ടിനിടയിൽ മിയക്കുട്ടിയുടെ കുസൃതി; കൈയോടെ പിടിച്ച് എം ജെ- രസകരമായ വിഡിയോ

മലയാളി പ്രേക്ഷകർക്കിടയിൽ ഏതാനും വർഷങ്ങളായി ജനപ്രിയ സ്ഥാനം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഇപ്പോൾ രണ്ടാം സീസണാണ് പുരോഗമിക്കുന്നത്. മത്സരവേശത്തിനൊപ്പം കുട്ടികളുടെ സർഗാത്മകതയും കുട്ടിത്തത്തിന്റെ നിഷ്കളങ്കതയും അതേപടി പകർത്തുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ . ഒട്ടേറെ കുരുന്നു ഗായകരാണ് വേദിയിൽ മാറ്റുരയ്ക്കുന്നത്.

പാട്ടുവേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക്. ചുരുളൻ മുടിയും കുസൃതി സംസാരവുമായി പാട്ടുവേദിയുടെ പ്രിയങ്കരിയായി മാറിയ മിയ പ്രേക്ഷകരുടെയും മനം കവർന്ന ഗായികയാണ്. എന്തിനും പെട്ടെന്നുതന്നെ മറുപടിയുള്ള മിയ സ്കിറ്റുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം കവർന്നിരുന്നു.

ഇപ്പോഴിതാ, ഒരു കുഞ്ഞു കുസൃതി പാട്ടിനിടയിൽ ഒപ്പിച്ചിരിക്കുകയാണ് കുറുമ്പി. പാട്ടിനിടയിൽ ഇടയ്ക്ക് ഓർക്കസ്‌ട്രാ ടീമിനെ നോക്കി എന്തോ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു മിയ. എന്നാൽ, ആർക്കും അതെന്താണ് എന്ന് മനസ്സിലായിരുന്നില്ല. ആർക്കും മനസിലാകാത്ത കാര്യം സംഗീത സംവിധായകനും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജഡ്ജസിൽ ഒരാളുമായ എം ജയചന്ദ്രൻ കണ്ടെത്തി.

Read More: ‘ഞങ്ങളുടെ വിവാഹത്തിന്റെ ഗോൾഡൻ ജൂബിലിയാണ് അടുത്തവർഷം’- ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ വിജയൻ പങ്കുവെച്ച സ്വപ്‌നങ്ങൾ

മറ്റൊന്നുമല്ല, ഓർക്കസ്‌ട്രാ ടീമിന് പാട്ടിനിടയിൽ നിർദേശങ്ങൾ നൽകുകയായിരുന്നു കുട്ടി പാട്ടുകാരി. ഈ വരി രണ്ടു തവണ പാടും എന്നും, ഇത് ഒരു തവണയേ പാടുകയുള്ളു എന്നുമൊക്കെയാണ് മിടുക്കി കൈവിരൽ ആംഗ്യങ്ങൾ കൊണ്ട് ഓർക്കസ്ട്ര ടീമിനോട് പറഞ്ഞത്. ടീമിന് തെറ്റില്ലെങ്കിലും നിർദേശങ്ങൾ നൽകി പാട്ടിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ മിയക്കുട്ടിക്കാണ് കൈയടി ഉയരുന്നത്.

Story highlights- miah mehak’s naughtiness