നീയേ എന്‍ തായേ…; ഹൃദയതാളങ്ങൾ കീഴടക്കി മരക്കാറിലെ ഗാനം

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റിലീസിനൊരുങ്ങുകയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. സിനിമ ആരാധകരിൽ ആവേശം നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിതാ ആസ്വാദകരിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന ഗാനവും. ‘നീയേ എന്‍ തായേ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം റോണി റാഫേല്‍. ഹരിശങ്കറും രേഷ്‍മ രാഘവേന്ദ്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചീത്രീകരിച്ചിരിക്കുന്നത്.100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ.

Story highlights; Neeye En Thaaye Marakkar movie Song