കമ്മട്ടിപ്പാടത്തിന് ശേഷം തുറമുഖവുമായി രാജീവ് രവി; റിലീസ് പ്രഖ്യാപിച്ച് നിവിൻ പോളി ചിത്രം

November 12, 2021

പ്രഖ്യാപനം മുതൽക്കേ സിനിമ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചതാണ് രാജീവ് രവി സംവിധാനം നിർവഹിക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം. ഏറെ ആവേശം ജനിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്കെത്തിയത്. തുറമുഖം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം ചലച്ചിത്ര പ്രേമികൾക്കിടയിൽ വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കും എന്ന് ഉറപ്പുനൽകുന്നതാണ് ചിത്രത്തിന്റെ ടീസർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രിസ്‌മസ്‌ റിലീസായാണ് ചിത്രം കാഴ്ചക്കാരിലേക്കെത്തുക. ഡിസംബർ 24 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്‍, ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ എന്ന സിനിമ. തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്‍നോട്ടക്കാരന്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്. അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോപങ്ങള്‍ക്കും ‘ചാപ്പ’ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്. ചാപ്പ സമ്പ്രദായം അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

Read also: ചിരിമേളം തീർത്ത് ‘കനകം കാമിനി കലഹം’- ‘ഡിസ്‌നി ഡേ’യിൽ ഹോട്ട്സ്റ്റാറിൽ റിലീസാകുന്ന ആദ്യ മലയാള സിനിമയ്ക്ക് മികച്ച പ്രതികരണം

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. കൊച്ചിയിലെ തുറമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. രാജീവ് രവി സംവിധാനം ചെയ്യുന്ന ആദ്യ നിവിന്‍ പോളി ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മാണം. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ.

Story highlights: nivin pauly starring thuramukham announced release