അടിത്തട്ടിലെ കല്ലുകളും മണൽത്തരികളും വരെ കൃത്യമായി കാണാം; ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും തെളിഞ്ഞ നദിയുടെ ചിത്രങ്ങൾ

November 25, 2021

അന്തരീക്ഷവും സമുദ്രവും ഒരുപോലെ മലിനമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സമൂഹമാധ്യമങ്ങളിൽ മുഴുവൻ ശ്രദ്ധനേടുകയാണ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള തടാകങ്ങളിലൊന്നിന്റെ ചിത്രം. മേഘാലയയിലെ ഉമ്ഗോട്ട് നദിയിലൂടെ ഒഴുകുന്ന ഒരു ചെറുവഞ്ചിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തെളിനീരുപോലെ തെളിഞ്ഞ വെള്ളത്തിലൂടെ പോകുന്ന വഞ്ചി കണ്ടാൽ ഇത് കരയിലാണോ വെള്ളത്തിലാണോ എന്ന് പോലും സംശയം തോന്നും. അത്രയ്ക്ക് തെളിഞ്ഞ വെള്ളമാണ് ചിത്രത്തിൽ കാണുന്നത്.

‘എല്ലാ നദികളും ഇതുപോലെ ആകട്ടെ, പ്രകൃതിയെയും നദിയെയും ഇത്രയും മനോഹരമായി സംരക്ഷിക്കുന്ന മേഘാലയൻ ജനതയ്ക്ക് അഭിനന്ദനങ്ങൾ’ എന്ന അടിക്കുറുപ്പോടെ ജൽ ശക്തി മന്ത്രാലയമാണ് നദിയുടെ ചിത്രവും കുറിപ്പും ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്ഫടികം പോലെ മിന്നുന്ന വെള്ളമാണ് ഈ നദിയിലുള്ളത്. ചിത്രത്തിൽ വെള്ളത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന കല്ലുകളും ചെറിയ മണൽത്തരികളും വരെ വളരെ കൃത്യമായി കാണാൻ കഴിയുന്നുണ്ട്.

Read also: തലയിൽ തൊടുന്നത് ഇവിടുത്തെ സംസ്കാരത്തിന് യോജിച്ചതല്ല; കൗതുകം നിറച്ച് ചില വിശ്വാസങ്ങൾ

അതേസമയം വൃത്തികൊണ്ട് ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയ നദിയാണ് ഇത്. തെളിനീര് പോലുള്ള വെള്ളം തന്നെയാണ് ഈ നദിയെ ഇത്രമേൽ പ്രശസ്തമാക്കിയതും. നദിയിലെ ജലനിരപ്പ് ഉയർന്നാലും നദിയുടെ അടിത്തട്ട് വളരെ തെളിഞ്ഞ് കാണാനാകും എന്നതാണ് ഈ നദിയുടെ പ്രത്യേകത. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികൾ എത്തുക. ഈ സമയത്ത് ഇവിടെ നടക്കുന്ന വള്ളംകളിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടെയുള്ള ആളുകൾ മത്സ്യബന്ധനത്തിനും യാത്രയ്ക്കും ചെറുവഞ്ചികൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. നദിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മോട്ടോർ ബോട്ടുകൾ അടക്കമുള്ളവ ഇവിടുത്തെ നദിയിൽ ഉപയോഗിക്കാറില്ല.

Story highlights: Picture of river’s crystal clear water goes viral