സൂക്ഷിച്ച് നോക്കണ്ട ഇത് ഞാൻ തന്നെ; സോഷ്യൽ ഇടങ്ങളിൽ കൗതുകമായി ലോകത്തിലെ ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങ്

സോഷ്യൽ ഇടങ്ങൾ ജനകീയമായതോടെ കൗതുകക്കാഴ്ചകൾ വിരൽത്തുമ്പിൽ എത്തിത്തുടങ്ങി. അത്തരത്തിൽ കാഴ്ചക്കാരുടെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഒരു ഉരുളക്കിഴങ്ങ്. ഒരു കിഴങ്ങിനെന്താ ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ, പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങിനെക്കുറിച്ചാണ്. സാധാരണ കണ്ടുവരുന്ന ഗ്രാമുകൾ മാത്രം ഭാരമുള്ള ഉരുളക്കിഴങ്ങല്ല ഇത്. എട്ട് കിലോയോളമാണ് ന്യൂസിലൻഡിൽ കണ്ടെത്തിയ ഈ ഉരുളക്കിഴങ്ങിന്റെ ഭാരം.

കർഷക ദമ്പതിമാരായ ഡോണയുടെയും കോളിൻ ക്രെയ്ഗിന്റെയും വീട്ടുവളപ്പിലാണ് ഈ ഉരുളക്കിഴങ്ങ് വിളഞ്ഞത്. കാഴ്‌ചയിൽ ഒരു ചെറിയ പട്ടികുഞ്ഞിനോളം തന്നെ വലുപ്പം തോന്നിക്കുന്ന ഈ ഉരുളക്കിഴങ്ങിന് ഡോഗ് എന്ന് പേരും നൽകിയിട്ടുണ്ട് അവർ. കൃഷിയിടത്തിൽ പണി ചെയ്യുന്നതിനിടെയാണ് മണ്ണിനടിയിലുള്ള എന്തോ ഒന്നിൽ കോളിന്റെ കാൽ തട്ടിയത്. ഉടൻ തന്നെ ആ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് നോക്കിയപ്പോൾ വലിയ ഒരു വസ്തു കണ്ടെത്തി. ആദ്യകാഴ്ചയിൽ ഇത് എന്തിന്റെ വിത്താണെന്ന് മനസിലാക്കാൻ കഴിയാതിരുന്ന ദമ്പതികൾ ഉടൻതന്നെ അതിൽ അല്പം മുറിച്ചെടുത്ത് രുചിച്ച് നോക്കി. ഇതോടെ ഇതൊരു ഉരുളക്കിഴങ്ങ് ആണെന്ന് അവർ മനസിലാക്കി.

Read also; ഇത് ഞണ്ടുകളുടെ നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളുള്ള ദ്വീപിന്റെ വിശേഷങ്ങൾ

അതേസമയം ഇത്രയും വലിപ്പത്തിൽ ഉരുളക്കിഴങ്ങ് ഉണ്ടാകുമോ എന്ന സംശയത്തിൽ കൂടുതൽ പരിശോധനകൾക്ക് ഈ വിത്ത് വിധേയമാക്കി. ഇതോടെ ഉരുളക്കിഴങ്ങാണ് ഇതെന്ന് അവർ ഉറപ്പിച്ചു. പിന്നീട് ഡോഗിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ ഈ ഉരുളക്കിഴങ്ങ് കാണാനായി നിരവധി ആളുകളും ഇവിടെത്തി. ഗിന്നസ് റെക്കോർഡ് പ്രകാരം ലോകത്ത് ഇതുവരെ കണ്ടെത്തിയ ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങിന്റെ വെയ്റ്റ് അഞ്ച് കിലോയാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങായി മാറിയിരിക്കുകയാണ് കോളിന്റെയും ഡോണയുടെയും ഡോഗ്.

Story highlights: Potato found weighing 8 kg with a strange shape