ബിസ്കറ്റ് കിങ് രാജൻ പിള്ളയാകാൻ പൃഥ്വിരാജ് സുകുമാരൻ; ബോളിവുഡിൽ ആദ്യ സംവിധാന സംരംഭവുമായി താരം

അഭിനേതാവായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും തിളങ്ങുന്ന താരത്തിന്റെ ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങളാണ് ആരാധകരിൽ ആവേശമാകുന്നത്. ബിസ്കറ്റ് കിങ് എന്നറിയപ്പെട്ടിരുന്ന ബിസിനസുകാരൻ രാജൻ പിള്ളയുടെ ജീവിതം പറയുന്ന വെബ് സീരീസാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

പൃഥ്വിരാജ് തന്നെ സംവിധാനവും നിർവഹിക്കുന്ന സീരീസിൽ മലയാളിയായ രാജൻ പിള്ളയായാണ് താരം വേഷമിടുക എന്നാണ് സൂചന. ഗോവയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന് വേണ്ടി നിക്ഷേപം നടത്തി വ്യവസായ രംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് രാജൻ പിള്ള. പിന്നീട് സിംഗപ്പൂരിൽ നടത്തിയ സാമ്പത്തീക തിരിമറിയുടെ പേരിൽ ഇന്ത്യയിൽ പൊലീസ് പിടിയിലായ രാജൻ പിള്ള, ജുഡീഷ്യൽ കസ്റ്റഡയിൽ വെച്ച് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ജീവിതവും മരണശേഷമുണ്ടായ അന്വേഷണങ്ങളുമൊക്കെയാണ് സീരീസായി അവതരിപ്പിക്കുക.

Read also: ടാൻസാനിയയിലും ഹിറ്റായി ബോളിവുഡ് ഗാനം; സിദ്ധാർത്ഥ് മൽഹോത്രയും കിയാരയും ഒന്നിച്ചഭിനയിച്ച ഷേർഷയിലെ ഗാനത്തിന് ആരാധകരേറെ

അതേസമയം പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന സീരീസാണ് ഇത്. ലൂസിഫർ ആണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മോഹൻലാൽ മുഖ്യകഥാപാത്രമായ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു. ബ്രോ ഡാഡിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. ചിത്രത്തിലും മോഹൻലാൽ ആണ് പ്രധാന കഥാപാത്രമായെത്തുന്നത്.

Story highlights; Prithviraj Sukumaran to act & direct a Hindi series