രാജാക്കണ്ണിന്റെ ഭാര്യ പാർവതിയമ്മയ്ക്ക് 15 ലക്ഷം രൂപ കൈമാറി സൂര്യ

November 17, 2021

സമൂഹത്തിൽ വളരെയേറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് സൂര്യ നായകനായി എത്തിയ ‘ജയ് ഭീം’ എന്ന ചിത്രം. 1993ൽ കസ്റ്റഡി മർദനത്തിന് ഇരയായ രാജകണ്ണിന്റെ യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ജയ് ഭീം സെൻഗിണി എന്ന കഥാപാത്രത്തിലൂടെയാണ് മുന്നേറിയത്. പാർവതിയമ്മ എന്ന രാജാക്കണ്ണിന്റെ യഥാർത്ഥ ഭാര്യയിൽ നിന്നും പ്രചോദനംകൊണ്ട് ഒരുക്കിയതാണ് സെൻഗിണി എന്ന കഥാപാത്രത്തെ. ചിത്രം വലിയ വിജയമായതോടെ ഇപ്പോഴും ദുരിതമനുഭവിക്കുന്ന പാർവതിയമ്മയ്ക്ക് നിരവധി സഹായങ്ങൾ എത്തിയിരുന്നു.

നടൻ സൂര്യ 10 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ, 15 ലക്ഷം രൂപ നേരിട്ടെത്തി കൈമാറിയിരിക്കുകയാണ് താരം. സിനിമയുടെ നിർമ്മാതാക്കളാണ് തുക നൽകിയത്. സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് നിർമാണ കമ്പനിക്ക് വേണ്ടി തുക കൈമാറിയത്. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയുടെ നിർമാണ കമ്പനിയായ 2ഡി എന്റർടെയിൻമെന്റാണ് ചിത്രം നിർമിച്ചത്.

read More: വീണ്ടും കഥകളി അരങ്ങിൽ അമ്മ- സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ

അതേസമയം, നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറൻസ് പാർവതി അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കേട്ടപ്പോൾ വളരെയധികം അസ്വസ്ഥനായെന്നും വീട് വെച്ച് നൽകാമെന്ന് വാക്ക് നൽകുകയുമായിരുന്നു എന്നും രാഘവ ലോറൻസ് പറയുന്നു. ഇരുളർ ഗോത്രത്തിൽ പെട്ട രാജകണ്ണിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയപ്പോൾ ഭാര്യയായ സെൻഗിണിയും അഭിഭാഷകൻ ചന്ദ്രുവും നയിച്ച ഒരു സുപ്രധാന നിയമ പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പങ്കുവെച്ചത്. 

Story highlights- suriya deposit 15 lakh for rajakkannu’s family