ടൊവിനോ തോമസിന്റെ നായികയായി കീർത്തി സുരേഷ്; ‘വാശി’യ്ക്ക് തുടക്കം

മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിനൊപ്പം തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷ് എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ജി രാഘവ് ആണ്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ്കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ലോക്ക്ഡൗൺ കാലത്താണ് ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ സ്മൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതവും നിര്‍വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിധിൻ മോഹൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു.

Read also; ട്രെയിൻ യാത്രക്കാർക്ക് വിശ്രമിക്കാൻ കൊച്ചുമുറികൾ; രാജ്യത്തെ ആദ്യ പോഡ് ഹോട്ടലുകൾ ഒരുങ്ങി

ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉർവ്വശി തീയ്യേറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ്. 2017ല്‍ പുറത്തിറങ്ങിയ മാച്ച് ബോക്സ്സാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. അതേസമയം അച്ഛൻ പ്രൊഡ്യൂസ് ചെയ്‌യുന്ന സിനിമയിൽ മകളായ കീർത്തി നായികയാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ടൊവിനോ തോമസും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വാശി.

Story highlights; tovino Thomas and keerthi Suresh joins for Vaashi