പ്രണവ് മോഹൻലാലിന്റെ ദർശനയ്ക്ക് ഒരു ക്യൂട്ട് സ്പോട്ട് ഡബ്ബ്; കുരുന്നിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ ഇടങ്ങൾ മുഴുവൻ തരംഗമായതാണ് പ്രണവ് മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ദർശന എന്ന ഗാനം. പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകം യുട്യൂബ് ട്രെൻഡിങ്ങിൽ ഇടംനേടിയ ഗാനം ഇതിനോടകം ഒരിക്കലെങ്കിലും മൂളാത്തവരും ഉണ്ടാകില്ല. പ്രായഭേദമന്യേ സംഗീതാസ്വാദകരുടെ മുഴുവൻ ഹൃദയതാളങ്ങൾ കീഴടക്കിയ ഗാനത്തിന് സ്പോട്ട് ഡബ്ബ് ചെയ്യുന്ന ഒരു കുരുന്നിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ തരംഗമാകുന്നത്.

ഗിരിനന്ദൻ എന്ന മൂന്നര വയസുകാരനാണ് ഈ വിഡിയോയിലെ താരം. ഗാനത്തിന് മുന്നോടിയായി പ്രണവ് പറയുന്ന ഡയലോഗും ഇടയിലെ പാട്ടും ദർശനയോട് പറയുന്ന വാക്കുകളുമടക്കം വളരെ മനോഹരമായി സ്പോട്ട് ഡബ്ബ് ചെയ്യുന്നുണ്ട് ഈ കൊച്ചുമിടുക്കൻ. ഡയലോഗുകൾക്ക് മോഡുലേഷൻ നൽകുന്നതിനൊപ്പം കുഞ്ഞുമോന്റെ എക്സ്പ്രഷനും നിറഞ്ഞ് കൈയടിക്കുന്നുണ്ട് സമൂഹമാധ്യമങ്ങൾ. ഇത്രയും ഡയലോഗുകൾ കാണാതെ പഠിച്ച് പറയുന്ന ഈ കുരുന്നിന് അഭിന്ദനപ്രവാഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജിഷ്ണു- ലക്ഷ്മി ദമ്പതികളുടെ മകനാണ് ഗിരിനന്ദൻ.

Read also; അന്റാർട്ടിക്കയുടെ ചരിത്രത്തിൽ ആദ്യമായി എയർബസ് പ്ലെയിൻ ലാൻഡ് ചെയ്തപ്പോൾ- വിഡിയോ

അതേസമയം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഗാനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിയേറ്ററുകളിൽ തന്നെയാണ് ഹൃദയം പ്രദർശനത്തിന് എത്തുന്നത്. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Story highlights; Two year old boy darshana song spot dubb