ചിരിനിറച്ച് സൗബിനും മഞ്ജു വാര്യരും; ‘വെള്ളരിക്കാ പട്ടണം’ മേക്കിങ് വീഡിയോ

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപട്ടണം. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട മേക്കിങ് വിഡിയോ. പ്രേക്ഷകർ കാത്തിരിക്കുന്ന മനോഹര നിമിഷങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും വെള്ളരിക്കാപ്പട്ടണം എന്ന സിനിമയ്ക്കുണ്ട്. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകനും ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്നു. ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയും അര്‍ജുന്‍ ബെന്നുമാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

മഞ്ജു വാര്യർക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read also: ടാൻസാനിയയിലും ഹിറ്റായി ബോളിവുഡ് ഗാനം; സിദ്ധാർത്ഥ് മൽഹോത്രയും കിയാരയും ഒന്നിച്ചഭിനയിച്ച ഷേർഷയിലെ ഗാനത്തിന് ആരാധകരേറെ

അതേസമയം മ്യാവു എന്ന ചിത്രമാണ് സൗബിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. മംമ്ത മോഹൻദാസാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് പറയുന്നത്. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

ജയസൂര്യക്കൊപ്പം എത്തുന്ന മരക്കാർ, അറബിക്കടലിന്റെ സിംഹം, മേരി ആവാസ് സുനോ, ലളിതം സുന്ദരം തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്.

Story highlights: Vellarikka pattanam Making Video