വർഷങ്ങളോളം കൂടെ നിഴലുപോലെ; ഡ്രൈവർക്ക് ഒരു കോടി രൂപയുടെ സ്വത്തുക്കൾ എഴുതി നൽകി ഒരമ്മ

November 16, 2021

കഴിഞ്ഞ 25 വർഷത്തോളമായി മിനാതിയുടെ കുടുംബത്തിന് താങ്ങും തണലുമായി നിന്നതാണ് ബുദ്ധ സമാൽ. റിക്ഷാ ഡ്രൈവറായ ബുദ്ധ മിനാതിയുടെയും കുടുംബത്തിന്റെയും ഏതാവശ്യത്തിനും സഹായമായി എപ്പോഴും ഉണ്ടാകും. വർഷങ്ങളോളം തനിക്കും കുടുംബത്തിനുമൊപ്പം നിഴലായി നിന്ന് പ്രവർത്തിച്ച ബുദ്ധയ്ക്ക് പ്രതിഫലമായി ഒരു കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ എഴുതി നൽകിയിരിക്കുകയാണ് 63 കാരിയായ മിനാതി പട്‌നായിക്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് മിനാതിയ്ക്ക് ഭർത്താവ് കൃഷ്ണ പട്‌നായിക്കിനെ നഷ്ടമാകുന്നത്. കാൻസർ ബാധിച്ചതിനെത്തുടർന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പിന്നാലെ മാസങ്ങളുടെ ഇടവേളയിൽ മകളെയും മിനാതിയ്ക്ക് നഷ്ടമായി. 30 ആം വയസിലാണ് ബിരുദാനന്തര ബിരുദധാരിയായ മകൾ ഹൃദയാഘാതം മൂലം വളരെ അപ്രതീക്ഷിതമായി മരണമടഞ്ഞത്.

പ്രിയപ്പെട്ടവരെ മരണം കവർന്ന് ഒറ്റപ്പെട്ടു പോയ മിനാതിയ്ക്ക് ആശ്വാസമായത് ബുദ്ധയും കുടുംബവുമായിരുന്നു. അതിന്റെ നന്ദി സൂചകമായിട്ടാണ് ഇപ്പോൾ ഒരു കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ ഇവരുടെ പേരിലേക്ക് മിനാതി എഴുതിവയ്ക്കുന്നത്.

Read also:റുബിക്സ് ക്യൂബുകളോടുള്ള ഇഷ്‌ടം; ഏഴാം വയസിൽ നേട്ടങ്ങളുടെ നെറുകയിൽ എത്തിയ കൊച്ചുമിടുക്കി

ഭാര്യയും മൂന്ന് മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബമാണ് ബുദ്ധയുടേത്. മിനാതിയുടെ ആവശ്യപ്രകാരം ബുദ്ധയും കുടുംബവും ഇപ്പോൾ മിനാതിയ്ക്ക് ഒപ്പമാണ് കഴിയുന്നത്. അതേസമയം ഇത്രയും വലിയ സമ്മാനം അപ്രതീക്ഷിതമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബുദ്ധയും കുടുംബവും. അമ്മയുടെ ഈ സമ്മാനം ആദ്യം താൻ നിരസിച്ചെന്നും എന്നാൽ ‘അമ്മ അതിൽ നിന്നും പിന്മാറാൻ തയാറായില്ലെന്നും ബുദ്ധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Story highlights: woman hands over property worth around crore rickshaw puller