അപകടത്തെ തുടർന്ന് രണ്ടാഴ്ചയോളം കോമയിൽ ; ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ യുവതി സംസാരിക്കുന്നതെല്ലാം മുൻപ് പരിചയമില്ലാത്ത ഭാഷാശൈലിയിൽ

മറ്റൊരാളെ പോലെ പെരുമാറുക, ഇതുവരെ അറിയാത്ത ഭാഷ സംസാരിക്കുക എന്ന വിചിത്രമായ കാര്യങ്ങളും അതുമായി ബന്ധപ്പെട്ട ചില കഥകളുമെല്ലാം മലയാളികൾ കേട്ടത് മണിച്ചിത്രത്താഴ് എന്ന ക്ലാസ്സിക് സിനിമയിലൂടെയാണ്. അത്തരത്തിലൊരു അനുഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു യുവതി. ലോസ് ഏഞ്ചൽസിൽ നിന്നുള്ള സമ്മർ ഡയസ് എന്ന യുവതി 2020 നവംബർ 25ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായി.

ഇടുപ്പിന് ഒടിവ്, തോളെല്ല് പൊട്ടൽ, മസ്തിഷ്ക ക്ഷതം എന്നിങ്ങനെ ഗുരുതരമായി തന്നെ അപകടം പറ്റി. അപകടത്തെത്തുടർന്ന് സമ്മർ ഡയസ് രണ്ടാഴ്ച കോമയിൽ കിടന്നു. ആ ദിവസത്തെക്കുറിച്ച് സമ്മർ ഡയസ് ഓര്മിക്കുന്നുപോലുമില്ല. പിന്നീട് ആംഗ്യഭാഷയിലൂടെ അവർ സംസാരിക്കാൻ തുടങ്ങി. മെല്ലെ ശബ്ദം തിരിച്ചുകിട്ടി. പക്ഷെ സംസാര ശൈലിയിൽ എന്തോ മാറ്റമുണ്ടെന്ന് സമ്മർ തിരിച്ചറിഞ്ഞിരുന്നു.

സ്പീച്ച് തെറാപ്പിക്കിടയിലാണ് ശബ്ദത്തിലും ശൈലിയിലും വ്യക്തമായ മാറ്റമുണ്ടെന്നു സമ്മർ മനസിലാക്കിയത്. ആളുകൾ സമ്മറിന്റെ ഉച്ചാരണ ശൈലിയെക്കുറിച്ചും എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിക്കാനും തുടങ്ങി. ഇന്നുവരെ ന്യുസിലാൻഡിൽ പോകാത്ത സമ്മർ ആദ്യം സംസാരിച്ചത് അവിടുത്തെ ശൈലിയാണ്. പിന്നീട് ഇത് മാറി മാറി വന്നുതുടങ്ങി. ഒടുവിൽ തനിക്ക് ഫോറിൻ ആക്‌സന്റ് സിൻഡ്രോം എന്ന അപൂർവ രോഗമുണ്ടെന്ന് സമ്മർ കണ്ടെത്തി.

Read More: പ്രിയകൂട്ടുകാരെ കാണാൻ ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ നിന്നും കുട്ടേട്ടൻ ഇനി വീടുകളിലേക്ക്

കുറച്ചുകാലം ബ്രിട്ടീഷ് ഉച്ചാരണമായിരുന്നു. പിന്നീട് ഒരു ഫ്രഞ്ച് ശൈലി ആയി. റഷ്യൻ ശൈലിയും ഓസ്‌ട്രേലിയൻ ശൈലിയുമെല്ലാം മാറിമാറി വന്നു തുടങ്ങി. എന്തായാലും അപകടം സംഭവിച്ചെങ്കിലും ഇങ്ങനെ വ്യത്യസ്തമായ ഭാഷാശൈലികൾ സ്വയം വന്നതുകൊണ്ട് സമ്മറും ഹാപ്പിയാണ്.

Story highlights- women woke up with a new accent