കൂനൂർ ഹെലികോപ്റ്റർ ദുരന്തം: സൈനീക മേധാവി ബിപിൻ റാവത്ത് ഗുരുതരാവസ്ഥയിൽ, അപകടകാരണം മോശം കാലാവസ്ഥയെന്ന് സൂചന

December 8, 2021

തമിഴ്നാട് ഊട്ടിയ്ക്ക് സമീപം കൂനൂരിൽ ഹെലികോപ്റ്റർ ദുരന്തം. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 14 പേർ സഞ്ചരിച്ച കോപ്റ്ററിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ പതിനൊന്ന് പേർ മരിച്ചുവെന്നുള്ള അനൗദ്യോഗിക കണക്കുകളും പുറത്തുവരുന്നുണ്ട്. ജനറൽ ബിപിൻ റാവത്തിനെ അടക്കമുള്ളവരെ ഗുരുതരമായ പൊള്ളലോടെ വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം അദ്ദേഹത്തിന്റെ കൃത്യമായ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

റഷ്യൻ നിർമിത ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന് കാരണം മോശം കാലാവസ്ഥയെന്നാണ് നിലവിലെ വിലയിരുത്തൽ. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിന്റെ സ്ഥിതിഗതികള്‍ വിലിയിരുത്തുകയാണ്.

കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്നും ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്.

ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റ്‌നന്റ് കേണൽ ഹജീന്ദർ സിങ്ങ്, നായിക് ഗുർസേവക് സിങ്ങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാന്ഡസ് നായിക് സായി തേജ, ഹവിൽദാർ സത്പാൽ എന്നിവർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.

Story highlights; military chopper crashes in Coonoor- latest updates