ആയിരക്കണക്കിന് പക്ഷികൾക്കായി 20 ലക്ഷം രൂപയുടെ സ്നേഹത്തണൽ ഒരുക്കി ഒരാൾ, പിന്നിൽ സ്നേഹം നിറഞ്ഞൊരു കാരണവും…

സുരക്ഷിതമായി താമസിക്കാൻ ഒരിടം. അതാണ് ഒട്ടുമിട്ട ജീവജാലങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്ന്. ഇപ്പോഴിതാ ആയിരക്കണക്കിന് പക്ഷികൾക്ക് വേണ്ടി ഒരുക്കിയ ഒരു വീടാണ് സോഷ്യൽ ഇടങ്ങളിൽ അടക്കം വലിയ രീതിയിൽ ശ്രദ്ധനേടുന്നത്. ഗുജറാത്ത് സ്വദേശിയായ ഭഗവാൻജി എന്ന വ്യക്തിയാണ് ഈ മനോഹരമായ നിർമ്മിതിയ്ക്ക് പിന്നിൽ. സ്വന്തം കൈയിൽ നിന്നും 20 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഭഗവാൻജി 140 അടി നീളവും 70 അടി വീതിയുമുള്ള വീട് ഒരുക്കിയിരിക്കുന്നത്.

75 കാരനായ ഭഗവാൻജി ഈ വീട് നിർമിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹവും ജീവജാലങ്ങളോടുള്ള കരുതലും തന്നെയാണ് കാരണം. മരച്ചില്ലകളിലും മറ്റും നിർമിക്കുന്ന പക്ഷിക്കൂടുകൾ കാലാവസ്ഥ മോശമാകുമ്പോൾ തകർന്ന് പോകാറുണ്ട്, എന്നാൽ ഇപ്പോൾ ഒരുക്കിയ വീടുകൾ എല്ലാ കാലാവസ്ഥകളിലും പക്ഷികൾക്ക് താമസിക്കാൻ അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ മഴക്കാലത്ത് ഈ വീടുകൾക്ക് മിന്നൽ ഏൽക്കാതിരിക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Read also: ഭൂമിയിൽ നിന്നും അപ്രത്യക്ഷമായെന്ന് കരുതിയ ചിത്രശലങ്ങളെ 80 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി…

പക്ഷികൾക്ക് താമസിക്കുന്നതിനായി പൊട്ടിപോകാത്ത രീതിയിൽ ഉള്ള നിരവധി ചെറിയ കുടങ്ങൾ നിർമ്മിച്ചാണ് ഇദ്ദേഹം വീടൊരുക്കിയിരിക്കുന്നത്. പ്രത്യേക ആകൃതിയിൽ കുടങ്ങൾ പല നിരകളിലായി സ്ഥാപിച്ചതാണ് ഈ നിർമിതി. ഇപ്പോൾ ഏകദേശം ആയിരക്കണക്കിന് പക്ഷികളാണ് ഇവിടെ താമസത്തിനെത്തുന്നത്. സുരക്ഷിതമായ വാസത്തിനൊപ്പം ഇവയ്ക്ക് ഭക്ഷണവും വെള്ളവും അടക്കം ഇവിടെ ഭഗവാൻജി ഒരുക്കാറുണ്ട്.

Story highlights; 75 year old man Builds ‘Bungalow for Birds