റെയിൽവേ ട്രാക്കിൽ തകർന്നുവീണ് വിമാനം; ട്രെയിൻ എത്തുന്നതിന് സെക്കന്റുകൾക്ക് മുമ്പ് പരിക്കേറ്റ പൈലറ്റിനെ രക്ഷിച്ച് പോലീസുകാർ- ധീരതയ്‌ക്ക് കൈയടി

അവസരോചിതമായ ഇടപെടലുകളിലൂടെ ഒട്ടേറെപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞവരുണ്ട്. ഒരു സെക്കന്റിന്റെ വ്യത്യാസത്തിൽ ആയിരിക്കും ഇത്തരം അതിസാഹസികമായ രക്ഷപ്പെടുത്തലുകൾ സംഭവിക്കുക. ഇപ്പോഴിതാ, അത്തരത്തിലൊരു വീരകൃത്യം ശ്രദ്ധനേടുകയാണ്. ലോസ് ഏഞ്ചൽസിലാണ് സംഭവം നടന്നത്.

റെയിൽവേ ട്രാക്കിൽ തകർന്നുവീണ വിമാനത്തിൽ ട്രെയിൻ ഇടിക്കുംമുമ്പ് പൈലറ്റിനെ അതിസാഹസികമായി രക്ഷിയ്ക്കുന്ന പോലീസുകാരുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം പക്കോയിമ പരിസരത്ത് തകർന്നുവീഴുകയായിരുന്നു.

സി സി ടി വിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ട്രാക്കിൽ തകർന്നുവീണ വിമാനത്തിൽ ട്രെയിൻ ഇടിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് വിമാനത്തിൽ നിന്ന് പരിക്കേറ്റ പൈലറ്റിനെ പോലീസുകാർ വലിച്ചിഴച്ച് പുറത്തെത്തിക്കുന്നത് വിഡിയോയിൽ കാണാം.

Read Also: തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്

പൈലറ്റിനെ രക്ഷിക്കാൻ നിരവധി ഉദ്യോഗസ്ഥർ തീവ്രമായി ശ്രമിക്കുന്നതായി കാണാം. പൈലറ്റിനെ ട്രാക്കിന് നടുവിലെ വിമാനത്തിൽ നിന്ന് രക്ഷിച്ചശേഷം സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ഓടുന്നതും വിമാനം തകർന്നു ചിതറുന്നതും വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് അതിസാഹസികമായ ഈ കാഴ്ച.

Story highlights- Policemen pull injured pilot from crashed plane seconds before train hits it