ഗെയ്‌ലിനെ പരിഹസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

January 30, 2018


ബാറ്റിംഗ് വെടിക്കെട്ടുകൾക്ക് പ്രസിദ്ധനായ വെസ്റ്റ് ഇന്ത്യൻ താരം ക്രിസ് ഗെയ്‌ലിനെ പരിഹസിക്കുന്ന ട്വീറ്റുമായി  ചെന്നൈ സൂപ്പർ കിങ്‌സ്. ശക്തനായ ഒരു ഓപ്പണറെ ആവശ്യമുണ്ടായിരുന്നിട്ടും എന്തു കൊണ്ട് ക്രിസ് ഗെയ്‌ലിനെ ലേലത്തിൽ വാങ്ങിയില്ലാ എന്ന ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഗെയ്‌ലിനെ ട്രോളിക്കൊണ്ട്  ചെന്നൈ ട്വീറ്റ് ചെയ്തത്. ഗെയ്ൽ മുപ്പത് കടന്നിട്ടില്ലെന്നും അതിനാലാണ് താരത്തെ വേണ്ടെന്നു വെച്ചതെന്നുമാണ്  ചെന്നൈ ട്വിറ്ററിലൂടെ  ആരാധകനോട്  മറുപടി പറഞ്ഞത്.

കഴിഞ്ഞ  സീസണിലെ ഗെയ്‌ലിന്റെ ബാറ്റിംഗ് ശരാശരിയെയാണ് ചെന്നൈ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. പോയ വർഷം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനായി  10 കളികളിൽ നിന്നും 22 .22 ശരാശരിയിൽ 227 റൺസാണ് ഗെയ്‌ലിന് നേടാൻ കഴിഞ്ഞത്. പ്രകടനം മോശമായതിനാൽ ബാംഗ്ലൂർ ഇത്തവണ താരത്തെ നിലനിർത്തിയിരുന്നില്ല.


വെടിക്കെട്ട് വീരനായ ക്രിസ് ഗെയ്‌ലിനെ ഐപിൽ താരലേലത്തിന്റെ അവസാന റൗണ്ടിൽ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. താരലേലത്തിൽ മാർക്യൂ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ഗെയ്‌ലിനെ ലേലത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.  കഴിഞ്ഞ വർഷത്തെ മോശം പ്രകടനമാണ് താരത്തിന് വിനയായത്.എന്നാൽ ഓസ്‌ട്രേയിലയിൽ നടന്ന ബിഗ്ബാഷ് ലീഗിൽ അതിവേഗ സെഞ്ചുറി നേടിയ ഗെയ്ൽ തന്റെ പഴയ ഫോം വീണ്ടെടുത്തിരുന്നു.