ക്ഷമയിൽ റെക്കോർഡിട്ട് ചേതേശ്വർ പൂജാര

January 24, 2018

ദക്ഷിണാഫ്രിക്കക്കെതിരായ  മൂന്നാം ടെസ്റ്റിൽ 54 പന്തുകൾ നേരിട്ട് ആദ്യ റണ്ണെടുത്ത പൂജാരയ്ക്ക് റെക്കോർഡ്..ആദ്യ റൺ നേടാൻ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.8 റൺസുമായി മുരളി വിജയും റൺസൊന്നുമെടുക്കാതെ കെ എൽ രാഹുലും പുറത്തായതിനു ശേഷമാണ് ക്ഷമയുടെ പര്യായമായി മാറിയ ഇന്നിങ്സിന് ജോഹന്നാസ്ബർഗ് സാക്ഷ്യം വഹിച്ചത്.

ദക്ഷിണാഫ്രിക്കൻ  പേസർമാരുടെ പേസ് ആക്രമണത്തിന് മുന്നിൽ തുടക്കത്തിലേ കാലിടറിയ ഇന്ത്യൻ ഓപ്പണർമാർ സ്കോർ ബോർഡിൽ 24 റൺസ് എത്തുമ്പോഴേക്കും കൂടാരം കയറിയിരുന്നു. മറ്റൊരു ബാറ്റിംഗ് തകർച്ചയെ മുന്നിൽ കണ്ട ഇന്ത്യയെ അതിൽ നിന്നും രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ബാറ്റു വീശിയ പൂജാര മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുമൊത്ത് 84 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ റണ്ണിനായി ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ടതിന്റെ റെക്കോർഡ് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പർ ബാറ്സ്മാനായിരുന്ന ജോൺ മറയുടെ പേരിലാണ്.1962 -63  വർഷത്തെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ 79 പന്തുകൾ നേരിട്ടാണ് ജോണ് മറെ ആദ്യ റൺ സ്വന്തമാക്കിയത്.77 പന്തുകൾ നേരിട്ട് ആദ്യ റൺ നേടിയ ന്യൂസിലൻഡിന്റെ അലോട്ടാണ് പട്ടികയിലെ രണ്ടാമൻ.